മോദിയും ഗോഡ്സേയും ഒരേ ആശയത്തിന്റെ വാക്താക്കളാണ്;വെറുപ്പിന്റെ രാഷ്ട്രീയമാണ് നരേന്ദ്ര മോദിയുടേത്:രാഹുൽ ഗാന്ധി
‘പ്രധാനാമന്ത്രി മോദി സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളേ മാത്രമാണ്. എല്ലാ തുറമുഖങ്ങളും ഇതിനോടകം അദാനിക്ക് വിറ്റ് കഴിഞ്ഞു. ബിഎസ്എൻഎൽ അടച്ച് പൂട്ടാൻ പോകുന്നു. ഭാരത് പെട്രോളിയവും എയർഇന്ത്യയും വിൽപനക്ക് വെച്ചിരിക്കുന്നു. റെയിൽവേ സ്വകാര്യ വത്കരണ പാതയിലാണെന്നും രാഹുൽ പറഞ്ഞു. അഭിപ്രായം പറയുന്നവരേയും വിശ്വാസം തുറന്ന് പറയുന്നവരേയും വെടിവെച്ച് കൊല്ലുകയും അക്രമിക്കുകയും ചെയ്യുന്നുവെന്നും’ രാഹുൽ ആരോപിച്ചു.
‘വെറുപ്പിന്റെ രാഷ്ട്രീയമാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും. മോദിയും ഗോഡ്സേയും ഒരേ ആശയത്തിന്റെ വാക്താക്കളാണ്. ഗാന്ധിജിയുടെ കണ്ണിൽ നോക്കാതെയാണ് ഗോഡ്സെ വെടിയുതിർത്തത്. മോദിയും അത് തന്നെ ചെയ്യുന്നു. നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ നമ്മുടെ യുവാക്കൾക്ക് ഭാവിയില്ല. നിങ്ങൾക്ക് ഇവിടെ എത്ര പഠിച്ചാലും ഒരു ജോലിയും ലഭിക്കാൻ പോകുന്നില്ല. ദിനംപ്രതി ഒരോ തൊഴിലും നഷ്ടപ്പെട്ട് വരികയാണ്. ഓരോ മേഖലയിലും പ്രതിസന്ധിയാണ്. എന്താണ് ചെയ്യേണ്ടതെന്ന് പോലും പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഒരു ധാരണയുമില്ല. എല്ലാ പ്രതിസന്ധികൾക്കും കാരണം നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് രാജ്യത്ത് പടർത്തുന്ന വെറുപ്പും വിദ്വേഷവുമാണ്.
‘ഇന്ത്യൻ സാമ്പത്തിക മേഖലക്ക് വേണ്ടി മോദി സർക്കാർ ചെയ്ത ഒരു നല്ല കാര്യംപോലും ചൂണ്ടിക്കാണിക്കാൻ സാധിക്കില്ല. തൊഴിലില്ലായ്മാ നിരക്ക് റെക്കോർഡിലെത്തി നിൽക്കുന്നു. എന്ത് പറഞ്ഞാലും ചോദിച്ചാലും പാകിസ്താൻ, പാകിസ്താൻ എന്ന് പറഞ്ഞ്ക്കൊണ്ടിരിക്കും. പാകിസ്താൻ വന്ന് ഇവിടെ ജോലി തരില്ല. എൻആർസിയും സി.എ.എയും നിങ്ങൾക്ക് ജോലി നൽകാൻ പോകുന്നില്ല. കശ്മീരും ജോലി നൽകാൻ പോകുന്നില്ല. ലോകം മുഴുവൻ ഇപ്പോൾ ചോദിക്കുന്നത് ഇന്ത്യക്ക് എന്തുപറ്റിയെന്നാണ്. എത്ര സ്നേഹ സമ്പന്നമായിരുന്നു ഇന്ത്യയെന്നാണ് അവർ പറയുന്നത്. ഇതൊന്നും മനസ്സിലാകാത്ത ഒരു പ്രധാനമന്ത്രിയെയാണ് നമുക്ക് കിട്ടിയത് എന്നതാണ് ഏറ്റവും ദുഃഖകരം’രാഹുൽ പറഞ്ഞു.
പൗരത്വനിയമഭേദഗതിയും, ദേശീയ പൗരത്വ രജിസ്ട്രേഷനും പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെങ്ങും നടക്കുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് വയനാട് ജില്ലാക്കമ്മിറ്റി സംഘടിപ്പിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.