20 കുട്ടികളെയും സ്ത്രീകളെയും ബന്ദികളാക്കി കൊലക്കേസ് പ്രതി
ലഖ്നൗ: 20 കുട്ടികളെയും സ്ത്രീകളെയും ബന്ദികളാക്കി കൊലക്കേസ് പ്രതി. ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കുട്ടികളെ കൊലക്കേസ് പ്രതി ബന്ദികളാക്കിയിരിക്കുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കുട്ടികളെ മോചിപ്പിക്കാനുള്ള പോലീസിന്റെ ശ്രമത്തിനിടെ അക്രമാസക്തനായ ഇയാൾ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. ഇതോടെ പോലീസ് തത്കാലം പിൻവാങ്ങി. മൂന് പോലീസ് ഉദ്യോഗസ്ഥർക്കും ഏതാനും നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്.
കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാമാണ് ഗ്രാമത്തിലെ കുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തി ബന്ദികളാക്കിയത്. ഇയാളുടെ സ്വന്തം മകളും ഭാര്യയും ബന്ദികളാക്കപ്പെട്ടവരിലുണ്ടെന്നാണ് വിവരം. മകളുടെ ജന്മദിനമാണെന്നാണ് പറഞ്ഞാണ് സുഭാഷ് ഗ്രാമത്തിലെ മറ്റുള്ള കുട്ടികളെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടികൾ തിരിച്ചുവരാതിരുന്നതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് സുഭാഷ് കുട്ടികളെ വീട്ടിനുള്ളിൽ ബന്ദികളാക്കിയിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്.
വൻ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മണിക്കൂറുകളായി തടവിൽ കഴിയുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. എന്നാൽ സുഭാഷ് അക്രമാസക്തനായതോടെ കരുതലോടെ ഇടപെടാനാണ് പോലീസിന്റെ തീരുമാനം. കാൻപുർ ഐജിയുടെ നേതൃത്വത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡും കമാൻഡോകളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടികൾക്ക് അപകടം ഒന്നും സംഭവിക്കാതെ രക്ഷപ്പെടുത്തു കയാണ് പോലീസിന്റെ ശ്രമം.