Top Stories

ഈ ദശാബ്ദം ഇന്ത്യയ്ക്ക് വളരെ നിര്‍ണായകമാണ് രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് മഹാത്മഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്റുവിന്‍റേയും സ്വപ്നങ്ങള്‍ പൂര്‍ത്തിയാവുന്ന പതിറ്റാണ്ടായിരിക്കുമിത്: രാഷ്ട്രപതി

ന്യൂഡൽഹിഗാന്ധിജിയുടെ സ്വപ്നമാണ് പൗരത്വ നിയമഭേദഗതിയിലൂടെ യഥാര്‍ത്ഥ്യമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാകിസ്ഥാനിലെ ന്യൂനപങ്ങളുടെ ക്ഷേമം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്റെ പേരിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ ദുർബലപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച്  പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഈ ദശാബ്ദം ഇന്ത്യയ്ക്ക് വളരെ നിര്‍ണായകമാണെന്ന് രാഷ്ട്രപതി. രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് മഹാത്മഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്റുവിന്‍റേയും സ്വപ്നങ്ങള്‍ പൂര്‍ത്തിയാവുന്ന പതിറ്റാണ്ടായിരിക്കുമിതെന്ന് രാഷ്ട്രപതി പറഞ്ഞു. 
വികസനത്തില്‍ എല്ലാ വിഭാഗങ്ങളേയും ഒരുപോലെ മുന്നോട്ടു നയിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചരിത്രപരമാണെന്നും അയോധ്യാവിധി രാജ്യം ഏറെ പക്വതയോടെ സ്വീകരിച്ചെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടതെന്നും ഭരണഘടനയ്ക്ക് അനുസൃതമായാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും രാഷ്ട്രപതി വ്യക്തമാക്കി. പരസ്പര ബഹുമാനവും വിശ്വാസവും നിലനിര്‍ത്തി കൊണ്ടുള്ള ചര്‍ച്ചകളിലൂടേയും സംവാദങ്ങളിലൂടേയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

മുസ്ലീം സ്ത്രീകളുടെ നീതി ഉറപ്പാക്കാൻ സർക്കാർ ഊർജിതമായ ശ്രമം നടത്തിയെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പാർലമെന്റ് സെഷനിൽ മുത്തലാഖ് അടക്കം നിരവധി നിയമഭേദഗതികൾ നടപ്പാക്കി.

പതിമൂന്നാം ലോക്സഭയുടെ ആദ്യത്തെ ഏഴ് മാസത്തില്‍ തന്നെ നിര്‍ണായകമായ നിരവധി ബില്ലുകള്‍ സഭയ്ക്ക് പാസാക്കാന്‍ സാധിച്ചുവെന്നും രാമജന്മഭൂമി പ്രശനത്തിലെ സുപ്രീംകോടതി വിധി സമാധാനപൂര്‍വ്വം സ്വീകരിച്ച ഇന്ത്യയിലെ ജനങ്ങളേയും അനുമോദിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

8 കോടി പാവങ്ങൾക്ക് ഗ്യാസ് കണക്ഷൻ ഉൾപ്പടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കായി ഒരുപാട് പദ്ധതി നടപ്പാക്കി. ദില്ലിയിലെ അനധികൃതകോളനികൾ  നിയമവിധേയമാക്കിയത് 40 ലക്ഷം ജനങ്ങൾക്ക് അനുഗ്രഹമായി മാറി.ആയുഷ്‍മാന്‍ ഭാരത് പദ്ധതിയിലൂടെ അ‍ഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം രാജ്യത്തെ 24 കോടി ജനങ്ങള്‍ക്ക് ലഭിച്ചു. രണ്ടരക്കോടി ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ ലഭിച്ചു. കര്‍ത്താര്‍പൂര്‍ ഇടനാഴി റെക്കോര്‍ഡ് സമയം കൊണ്ടു പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാരിനായി. ഗുരു നാനക്കിന്‍റെ 550-ാം പ്രകാശ് പര്‍വ് ദിനത്തില്‍ ഇടനാഴി രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ജി എസ് ടി നടപ്പാക്കിയത് നികുതിരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കി.5 ട്രില്ല്യൺ ഡോളർ സാമ്പത്തിക ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. പ്രസംഗത്തിനിടയില്‍ പൗരത്വ നിയമത്തെക്കുറിച്ച് രാഷ്ട്രപതി നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ലമെന്‍റില്‍ ബഹളത്തിന് കാരണമായി. വികെ ശ്രീകണ്ഠന്‍, ടിഎന്‍ പ്രതാപന്‍ എന്നീ കോണ്‍ഗ്രസ് എംപിമാര്‍ സിഎഎ പിന്‍വലിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി രണ്ട് മിനിറ്റോളം പ്രതിഷേധിച്ചു. കേന്ദ്രമന്ത്രി രാംദാസ് അതുല്‍വാലെ അടക്കമുള്ള നേതാക്കള്‍ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ എഴുന്നേറ്റ് നിന്നു സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി അതു തടഞ്ഞു. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പെ പാലർമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button