Top Stories
കൊറോണ: ലോകത്ത് ആരോഗ്യ അടിയന്തരാവസ്ഥ
ജനീവ: ലോകം കൊറോണ വൈറസ് ബാധയുടെ ഭീതിയിൽ നിൽക്കെ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്കു പുറത്തേയ്ക്കും കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയിൽ പറഞ്ഞു. ലോകത്താകെ 9700 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
സ്ഥിതി അതീവ ഗൗരവതരമാണെന്നും ചൈനയിലെ അവസ്ഥയെക്കാൾ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാൻ ചൈന ആവശ്യമായ നടപടികൾ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാൽ, ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളിൽ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും ലോകാരോഗ്യ സംഘടന തലവൻ വ്യക്തമാക്കി.
കൊറോണ വൈറസ് ബാധിതരിൽ ബഹുഭൂരിപക്ഷവും ചൈനയിലാണ്. ചൈനക്ക് പുറത്ത് 20 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത് ഇന്ത്യയിലും ഫിലിപ്പിൻസിലുമാണ്. ലോക ആരോഗ്യ സംഘടനയും രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാർഥിനിക്കാണ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആകെ 1053 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 1038 പേർ വീടുകളിലും 15 പേർ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. വ്യാഴാഴ്ച മാത്രം ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ന് നാട്ടിൽ എത്തിക്കും. വുഹാൻ, ഹുബെയ് പ്രവിശ്യകളിൽ നിന്നുള്ളവരെ എത്തിക്കാൻ അനുമതി ലഭിച്ചതായി വിദേശ കാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഇരു പ്രവിശ്യകളിൽ നിന്നുമായി 600 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കുന്നത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉന്നതതല യോഗം ഇന്നും നടക്കും. സംസ്ഥാനത്തെ സ്ഥിതി ഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.