Top Stories
സഭയുടെ സമയം കളയാനില്ല;ഗവർണറെ തിരിച്ചു വിളിക്കാൻ പ്രമേയം അവതരിപ്പിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം തള്ളി സർക്കാർ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് തള്ളി. സ്പീക്കര്‍ അധ്യക്ഷനായ കാര്യോപദേശക സമിതി യോഗമാണ് നോട്ടീസ് തള്ളിയത്.
പ്രതിപക്ഷ നേതാവിന്റെ ആവശ്യം പ്രായോഗികപരമായും നിയമപരമായും അനുവദിക്കാൻ ആകില്ലെന്ന് കാര്യോപദേശക സമിതി യോഗത്തിൽ സര്‍ക്കാര്‍ നിലപാട് എടുത്തു. ചട്ടപ്രകാരം അല്ലാത്ത ഒരു നോട്ടീസ് അനുവദിക്കേണ്ട കാര്യമില്ലന്നും ഇത്തരമൊരു കീഴ് വഴക്കം കേരള നിയമസഭയിൽ ഇല്ലെന്നും പാര്‍ലമെന്ററി കാര്യമന്ത്രികൂടിയായ നിയമമന്ത്രി എകെ ബാലൻ യോഗത്തിൽ നിലപാടെടുത്തു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യോഗത്തിന് ശേഷം നിയമമന്ത്രി എകെ ബാലൻ പ്രതികരിച്ചു.
എകെ ബാലൻ യോഗത്തിൽ പറഞ്ഞ നിലപാടാണ് സര്‍ക്കാരിനും എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സർക്കാരിന് നല്ല തിരിക്കുള്ള കാര്യപരിപടികളാണ് സഭയിലുള്ളത്. സർക്കാർ നിയമപരമായി മാത്രമേ കാര്യങ്ങൾ ചെയ്യുകയുള്ളൂ അതുകൊണ്ടാണ് നോട്ടീസ് നിരകരിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
കടുത്ത വിയോജിപ്പാണ് ഇക്കാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ചത്. ചട്ടപ്രകാരം തന്നെയാണ് നോട്ടീസ് നൽകിയതെന്നും ഇല്ലെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാര്യോപദേശക സമിതി യോഗത്തിൽ പറഞ്ഞു. തിങ്കളാഴ്ച പ്രശ്നം സഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.