Top Stories
പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും: കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കാൻ പ്രതിപക്ഷം
ന്യൂഡൽഹി:പാർലമെന്റിന്റെ ബജറ്റുസമ്മേളനം ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്തസമ്മേളനത്തെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധനചെയ്യുക. ബജറ്റിനുമുന്നോടിയായുള്ള സാമ്പത്തികസർവേ ഇന്ന് സഭയിൽ അവതരിപ്പിക്കും.നാളെയാണ് പൊതുബജറ്റ്.
സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികൾക്കിടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ രണ്ടാം ബജറ്റ്. കഴിഞ്ഞ ആറുമാസത്തിനിടെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ 102 ലക്ഷംകോടി രൂപയുടെ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിക്കുകയും കോര്‍പ്പറേറ്റ് നികുതികൾ വെട്ടിക്കുറയ്‍ക്കുകയും ചെയ്‍തു. എന്നിട്ടും മാന്ദ്യം മറികടക്കാനായില്ല. റിയൽ എസ്‍റ്റേറ്റ്, നിര്‍മ്മാണ മേഖലകളിൽ തുടരുന്ന മാന്ദ്യം, വ്യവസായ മേഖലയിലെ തിരിച്ചടികൾ തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികൾ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഈ ബജറ്റിന് അഭിമുഖീകരിക്കേണ്ടി വരിക.
വെല്ലുവിളികളെ അതിജീവിക്കാൻ ബജറ്റിൽ ധനമന്ത്രി എന്തൊക്കെ പദ്ധതികൾ ഉൾപ്പെടുത്തും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
അതേസമയം, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച്
രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം നടക്കുന്ന സമയം കോൺഗ്രസ് എം.പി.മാർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം രേഖപ്പെടുത്തുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.