News
ബന്ദിയാക്കപ്പെട്ട കുട്ടികളെ മോചിപ്പിച്ചു;അക്രമിയെ വെടിവച്ചു കൊന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ കൊലക്കേസ് പ്രതി വീടിനുള്ളിൽ ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു. കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു. ഇന്ന് വെളുപ്പിനോടെയാണ് സുഭാഷ് ബദ്ധാം എന്ന കൊലക്കേസ് പ്രതി ബന്ദിയാക്കിയിരുന്ന ഇരുപതിലധികം കുട്ടികളെ മോചിപ്പിച്ചത്.
യു പി ഭീകരവിരുദ്ധ സ്ക്വാഡ് അംഗങ്ങളും പോലീസും ചേർന്നാണ് കുട്ടികളെ രക്ഷിച്ചത്.എല്ലാ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് നടപടിക്കിടെ കൊല്ലപ്പെട്ടുവെന്നും ഉത്തർ പ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തി വാർത്താ ഏജൻസിയോടു പറഞ്ഞു.
ബന്ദിയാക്കവരിൽ സുഭാഷിന്റെ ഭാര്യയും ഒരുവയസ്സുപ്രായമുള്ള മകളും ഉൾപ്പെട്ടിരുന്നു. സുഭാഷുമായി അനുനയനീക്കത്തിന് പോലീസ് ശ്രമിച്ചിരുന്നെങ്കിലും വിജയംകണ്ടിരുന്നില്ല.
ഇന്നലെയാണ് മകളുടെ മകളുടെ പിറന്നാൾ ആഘോഷത്തിനെന്ന പേരിൽ സുഭാഷ് ഗ്രാമത്തിലെ കുട്ടികളെ വിളിച്ചുവരുത്തി ബന്ദികളാക്കിയത്. കുട്ടികൾ മടങ്ങിവരാത്തതിനെ തുടർന്ന് അയൽക്കാരിൽ ചിലർ വാതിലിൽ മുട്ടിയപ്പോളാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ അക്രമാസക്തമായ യുവാവ് പോലീസിന് നേരെ വെടിവയ്ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തിരുന്നു. തുടർന്ന് അനുനയനീക്കങ്ങൾക്ക് ശ്രമിച്ച പോലീസ് അത് പരാജയപ്പെട്ടതിനെ തുടർന്നാണ് കമാൻഡോ നടപടികളിലൂടെ ബന്ദികളെ മോചിപ്പിച്ചത്.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസുകാർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തുലക്ഷം രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ചു. നടപടിയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനപത്രം നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.