കൊറോണ:രോഗലക്ഷണമുള്ളവരെ ഇന്ത്യയിലേക്കയക്കില്ല;ചൈനയിൽതന്നെ ചികിത്സിക്കുമെന്ന് ചൈന
ന്യൂഡൽഹി: കൊറോണ വൈറസ് രോഗലക്ഷണങ്ങളുള്ളവരെ ചൈന ഇന്ത്യയിലേക്കയക്കില്ല. രോഗലക്ഷണങ്ങളുള്ളവരെ ചൈനയിൽത്തന്നെ ചികിത്സിക്കാനാണ് അധികൃതരുടെ തീരുമാനം. മൂന്നൂറോളം ഇന്ത്യൻ വിദ്യാർഥികൾ എയർ ഇന്ത്യ വിമാനത്തിൽ നാളെ പുലർച്ചെ ഇന്ത്യയിൽ എത്തുമെന്നായിരുന്നു ആദ്യവിവരമെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവരെ ചൈനയിൽ തന്നെ ചികിത്സിക്കുമെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കുകയായിരുന്നു.
ചൈനയിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നവരെ താമസിപ്പിക്കാനായി ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ ഹരിയാനയ്ക്ക് സമീപം മാനേസറിൽ താൽക്കാലിക കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. വുഹാനിൽ നിന്നും എത്തുന്നവരെ വിമാനത്താവളത്തിൽ കരസേന മെഡിക്കൽ സർവീസ്,-എയർപോർട്ട് ഹെൽത്ത് അതോറിറ്റി എന്നിവർ ചേർന്ന് പരിശോധിച്ചതിനു ശേഷമാവും മാനേസറിലെ കേന്ദ്രത്തിലേക്ക് മാറ്റുക.
രോഗബാധസംശയിക്കുന്നവർ, രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവർ,അല്ലാത്തവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളയി തരംതിരിച്ചാണ് പരിശോധന നടത്തുക.14 ദിവസം ആരോഗ്യപ്രവർത്തകരുടെ സൂക്ഷ്മ നിരീക്ഷണത്തിലാവും ഇവർ. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഡൽഹിയിലെ ബേസ് ഹോസ്പിറ്റലിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റാനാണ് തീരുമാനം.