ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു; നാളെ പുലർച്ചെ രണ്ടു മണിക്ക് തിരികെ എത്തും
ന്യൂഡൽഹി : ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിക്കാണ് എയര്‍ ഇന്ത്യയുടെ ബി 747 വിമാനം ചൈനയിലേക്ക് പുറപ്പെട്ടത്. ഡോക്ടര്‍മാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ട അഞ്ചംഗ മെഡിക്കൽ സംഘമാണ് ചൈനയിലേക്ക് പുറപ്പെട്ടത്. ഇതിൽ രണ്ടുപേർ മലയാളി നഴ്സുമാരാണ്. ആദ്യ ഘട്ടത്തില്‍ 400 പേരെയാണ് തിരികെ നാട്ടിലെത്തിക്കുന്നത്.
ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 3.30 ഓടെയാണ് വുഹാനിലെത്തുക. തിരികെ പുലര്‍ച്ചെ രണ്ടു മണിക്കാണ് ചൈനയിൽ നിന്നും എയര്‍ ഇന്ത്യ വിമാനം നാട്ടിൽ എത്തുക. ഹ്യൂബൈ പ്രവിശ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാളെയാകും നാട്ടില്‍ എത്തിക്കുക. മടങ്ങി എത്തുന്നതുവരെ 14 ദിവസം ആരോഗ്യ സംഘം നിരീക്ഷിക്കും. ഡല്‍ഹി എയിംസില്‍ ഇതിനായി ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കും.
എല്ലാവിധ സുരക്ഷാ മുൻകരുതലുകളും വിമാനത്തിൽ കരുതിയിട്ടുണ്ട്. ഗ്ലൗസുകൾ, മാസ്കുകള്‍ എന്നിവയ്ക്ക് പുറമേ ഭക്ഷണവും വെള്ളവും വിമാനത്തില്‍ കരുതിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്കി.