Top Stories
ചൈനയിൽനിന്നുള്ള ആദ്യ ഇന്ത്യൻ സംഘം നാളെ പുലർച്ചെ രാജ്യത്തെത്തും;സംഘത്തിൽ 40 ഓളം മലയാളി വിദ്യാർത്ഥികളും
ന്യൂഡൽഹി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നും ആദ്യ ഇന്ത്യൻ സംഘവുമായി വരുന്ന വിമാനം നാളെ രാവിലെ രാജ്യത്തെത്തും. നാൽപതോളം മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട സംഘമാണ് നാളെ പുലർച്ചെ ഇന്ത്യയിലെത്തുന്നത്. മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച ത്തോളം ഹരിയാനയിലും ഡൽഹിയിലും സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചു നിരീക്ഷിക്കും.
ചൈനീസ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് ബാധിച്ചിട്ടില്ല എന്ന് ഉറപ്പായ വരെയാണ് ഇപ്പോൾ ഇന്ത്യയിലേക്ക് മടക്കി അയക്കുന്നത്. കൊറോണ വൈറസ് ബാധ ഉള്ളവരെ ചൈനയിൽ തന്നെ ചികിത്സിക്കാനാണ് ചൈനയുടെ തീരുമാനം.
കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിൽ നിന്നുള്ളവരാണ് ആദ്യ സംഘത്തിൽ നാട്ടിലെത്തുന്നത്. വുഹാൻ നഗരത്തിന് പുറത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.