News
വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിപ്പ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. എടക്കാട് ഏരിയയിലെ മാളികപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെയാണു അഞ്ചരക്കണ്ടി സ്വദേശിയുടെ പരാതിയിൽ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
അൻപതിലേറെ പേരിൽ നിന്നായി അഞ്ചുകോടിയിലേറെ രൂപ രാജേഷും സംഘവും തട്ടിയെടുത്തതായാണു കണക്കാക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രി ഇ.പി.ജയരാജന്റെയും
മറ്റ് നേതാക്കന്മാരുടേയുമൊക്കെ
പേരുകൾ ദുരുപയോഗിച്ചായിരുന്നു തട്ടിപ്പ്. കണ്ണൂർ വിമാനത്താവള കമ്പനി ഡയറക്ടർ ബോർഡിൽ സ്വാധീനമുണ്ടെന്നു പറഞ്ഞു വിമാനത്താവളത്തിന്റെ പരിസരത്തേക്കു വിളിച്ചുവരുത്തി അവിടെവച്ചു സർട്ടിഫിക്കറ്റുകൾ വാങ്ങിയാണ് വിശ്വാസം ഉറപ്പിച്ചത്.
കണ്ണൂർ വിമാനത്താവള ഉദ്ഘാടന സമയത്തു രാജേഷ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നുവെങ്കിലും വ്യാപക പരാതികൾ ഉയർന്നതിനെത്തുടർന്ന് എട്ടുമാസം മുൻപു പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. പ്രതി റിമാൻഡിലാണ്.