Top Stories

കൊറോണ: സംസ്ഥാനത്ത് 1793പേർ നിരീക്ഷണത്തിൽ; വ്യാജ വാർത്ത പ്രചരിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ

തൃശ്ശൂർ: കൊറോണ വൈറസുമായി ബന്ധപ്പെട്ട്  പുതിയ പോസ്റ്റീവ് കേസുകൾ ഒന്നും തന്നെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽഡ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

1793 പേരാണ് നിലവിൽ കേരളത്തിൽ നിരീക്ഷണത്തിലുള്ളത്. ചെറിയ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
 

കോഴിക്കോട് ജില്ലയിലാണ് നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത്. 268 പേരാണ് കോഴിക്കോട് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം (126), കൊല്ലം (156), പത്തനംതിട്ട (64), ആലപ്പുഴ (24), കോട്ടയം (62), ഇടുക്കി (120), എറണാകുളം(238), തൃശ്ശൂർ (154), പാലക്കാട് (99), മലപ്പുറം(265), വയനാട് (28), കണ്ണൂർ (1210 കാസർകോഡ് (68)എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ ജില്ലയിൽ മൂന്നിടങ്ങളിലായാണ് അറസ്റ്റ് നടന്നിരിക്കുന്നത്. പ്രതികൾക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാജ വാർത്ത ഫോർവേർഡ് ചെയ്ത ആറു പേർക്കെതിരെയും കേസെടുക്കുമെന്ന് ശൈലജ ടീച്ചർ പറഞ്ഞു.

കൊറോണ വൈറസ് രോഗബാധയ്ക്കെതിരേ ജാഗ്രാത നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ ജനങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന്  എത്തിയിട്ടുള്ളവർ ഇനിയും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.   ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നു.
 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button