കോട്ടയത്ത് വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം
കോട്ടയം: എം.സി. റോഡിൽ കാളികാവ് പെട്രോൾ പമ്പിന് സമീപം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. കോട്ടയം വേളൂർ ആൽത്തറവീട്ടിൽ തമ്പി (70), ഭാര്യ വത്സല, മരുമകൾ പ്രഭ, മകൻ വേളൂർ ഉള്ളത്തിൽപ്പടിയിൽ അർജുൻ പ്രവീൺ(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ 1മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയിൽ കുറവിലങ്ങാട് ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു. ലോറിയുടെ അടിയിലേയ്ക്കു കയറിയ കാറിനുള്ളിൽ നിന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ആദ്യം ആരെയും പുറത്തെടുക്കാനായില്ല. തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അഞ്ചു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.