നിർഭയ കേസ്:പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത കോടതി വിധി ചോദ്യംചെയ്ത് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു
ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത കോടതി വിധി ചോദ്യംചെയ്ത് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ശനിയാഴ്ച വൈകീട്ടാണ് പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത ഡൽഹി പാട്യാല ഹൗസ് കോടതി നടപടിയെ ചോദ്യംചെയ്ത് കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഡൽഹി ഹൈക്കോടതി ഞായറാഴ്ച വാദം കേൾക്കും.
വാദം കേൾക്കുന്നതിന് മുന്നോടിയായി കേസിലെ നാല് പ്രതികൾക്കും ജയിൽ ഡിജിക്കും തിഹാർ ജയിൽ അധികൃതർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതികൾ രാജ്യത്തെ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്നും വധശിക്ഷ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് പ്രതികളുടെ ശ്രമമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
ഫെബ്രുവരി ഒന്നിന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മരണ വാറണ്ട് സ്റ്റേ ചെയ്യാൻ ഡൽഹി പാട്യാല ഹൗസ് കോടതി വെള്ളിയാഴ്ചയാണ് ഉത്തരവിട്ടിരുന്നത്. വിനയ് ശർമ്മയുടെ ദയാ ഹർജി നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു വാറണ്ട് കോടതി സ്റ്റേ ചെയ്തത്. ഈ ദയാഹർജി ശനിയാഴ്ച രാഷ്ട്രപതി തള്ളുകയും ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് ഠാക്കൂറും ശനിയാഴ്ച രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിട്ടുണ്ട്.