42 മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ സംഘം ചൈനയിൽ നിന്നും തിരിച്ചെത്തി
ന്യൂഡൽഹി: ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള വിമാനം ന്യൂൽഹിയിൽ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതിൽ 42 പേർ മലയാളികളാണ്. രാവിലെ 7.30ഓടെയാണ് ഡൽഹിയിലെത്തിയ സംഘത്തിൽ 234 പുരുഷന്മാരും 30 സ്ത്രീകളും ആണ് ഉള്ളത്. ഇതിൽ 211 വിദ്യാർഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ഇതിൽ 56 പേർ ആന്ധ്രയിൽ നിന്നും 54 പേർ തമിഴ് നാട്ടിൽ നിന്നും ഉള്ളവരും ഉണ്ട്.
ഇന്നലെ ഉച്ചക്ക് 1മണിക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്. ഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടർമാരും എയർ ഇന്ത്യയുടെ പാരാമെഡിക്കൽ സ്റ്റാഫുമടങ്ങുന്ന സംഘം രാത്രി പതിനൊന്നുമണിയോടെ വുഹാനിൽ നിന്നും യാത്ര തിരിച്ചു.
വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതർ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്. ഇവരെ പ്രത്യേകം പാർപ്പിക്കാൻ ഹരിയാണയിലെ മനേസറിനടുത്ത് കരസേന സൗകര്യമൊരുക്കി. വൈറസ്ബാധ വെളിപ്പെടാനുള്ള കാലമായ രണ്ടാഴ്ച അവരെ അവിടെ താമസിപ്പിച്ച് നിരീക്ഷിക്കും. 325 പേരെയും ഒരുമിച്ച് താമസിപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ, 50 പേർക്ക് കഴിയാവുന്ന ബാരക്കുകളാണ് ഒരുക്കിയിരിക്കുന്നത്. വൈറസ്ബാധ സ്ഥിരീകരിക്കുന്നവരെ ഡൽഹി കന്റോൺമെന്റ് ബെയ്സ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. ഡൽഹി വിമാന താവളത്തിൽ മെഡിക്കൽ സംഘം ചൈനയിൽ നിന്ന് എത്തിയവരെ പരിശോധിക്കാൻ സജ്ജമായിട്ടുണ്ട്.