ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒമ്പതംഗബെഞ്ച് ഇന്ന് വാദം കേൾക്കും
ന്യൂഡൽഹി: ശബരിമല പുനഃപരിശോധനാ ഹർജികളിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒൻപതംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങളിൽ ഇന്ന് വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ഒൻപതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. പത്തുദിവസംകൊണ്ട് വാദം പൂർത്തിയാക്കാനാണ് കോടതി ഉദ്ദേശിക്കുന്നത്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിയമപ്രശ്നങ്ങളിൽ ഒമ്പതംഗബെഞ്ച് തീർപ്പുകൽപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ ശബരിമലക്കേസിലെ പുനഃപരിശോധനാഹർജികളിൽ പഴയ അഞ്ചംഗ ബെഞ്ചുതന്നെ വിധിപറയും.
ശബരിമല ഉൾപ്പെടെയുള്ള കേസുകളിൽ പരിഗണിക്കേണ്ട പൊതുവായ വിഷയങ്ങൾ തയ്യാറാക്കാൻ അഭിഭാഷകരോട് കോടതി നിർദ്ദേശിച്ചിരുന്നു. ശബരിമല കേസിൽ മാത്രം 60ലേറെ കക്ഷികൾ ഉള്ളതിനാൽ, വാദം നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിന് അഭിഭാഷകർ തമ്മിൽ ധാരണയിലെത്താനും സുപ്രീംകോടതി മുൻപ് നിർദേശിച്ചിരുന്നു. എന്നാൽ, അഭിഭാഷകർ തമ്മിൽ പൂർണമായും ധാരണയിലെത്താൻ സാധിച്ചിട്ടില്ല. അതിനാൽ പൊതുവായി പരിഗണിക്കേണ്ട വിഷയങ്ങൾ കോടതി തന്നെ ഇന്ന് തയ്യാറാക്കിയേക്കും.
ശബരിമല പുനഃപരിശോധനാഹർജികൾ പരിഗണിച്ച അഞ്ചംഗബെഞ്ച് വിഷയം വിശാലബെഞ്ചിനുവിടുമ്പോൾ ഏഴുനിയമപ്രശ്നങ്ങൾ തയ്യാറാക്കിയിരുന്നു. എന്നാൽ, അതിലേറെ വിഷയങ്ങൾ പരിഗണിക്കാനുണ്ടെന്ന് അഭിഭാഷകർ അഭിപ്രായപ്പെട്ടപ്പോഴാണ് ഇതുസംബന്ധിച്ച് ധാരണയിലെത്താൻ കോടതി അഭിഭാഷകരോട് ആവശ്യപ്പെട്ടത്.