കൂടത്തായി:മാത്യു മഞ്ചാടിയിൽ വധക്കേസിന്റെ കുറ്റപത്രം സമർപ്പിച്ചു
വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസായ മാത്യു മഞ്ചാടിയിൽ വധക്കേസിന്റെ കുറ്റപത്രം സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ താമരശ്ശേരി മുൻസിഫ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2016 പേജുകളുള്ള കുറ്റപത്രത്തിൽ ആകെ 178 സാക്ഷികളുണ്ട്.
നാലാമത്തെ കേസായ മാത്യു മഞ്ചാടിയിൽ കേസിലും ജോളി തന്നെയാണ് ഒന്നാംപ്രതി. 2014 ഫെബ്രുവരി 24-നാണ് ടോം തോമസിന്റെ ഭാര്യാ സഹോദരൻ മാത്യു മഞ്ചാടിയിൽ കൊല്ലപ്പെടുന്നത്. മാത്യുവിന്റെ വീട്ടിൽ ആളില്ലാത്ത സമയത്ത് ജോളി എത്തുകയും ആദ്യം മദ്യത്തിൽ സയനൈഡ് കലർത്തി കുടിക്കാൻ നൽകിയ ശേഷം വീട്ടിലേക്ക് തിരിച്ച് പോയി. ശേഷം, കുറച്ച് കഴിഞ്ഞ് വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി അവശനായായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലർത്തി നൽകുകയായിരുന്നു. മാത്യു മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യിക്കാനും മാത്യു ആവശ്യപ്പെട്ടിരുന്നു. ഇതാണ് മാത്യുവിനെ കൊലപ്പെടുത്താനുള്ള പ്രധാന കാരണം. മാത്യുവിനെ ജോളി മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് റൂറൽ എസ്.പി കെ.ജി സൈമൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മാത്യു വധകേസ് അന്വേഷിച്ചത്.