Top Stories
കൊറോണ:കാസറഗോഡ് ഒരു വിദ്യാർത്ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു;രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാർത്ഥിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.
വുഹാനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3 ആയി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും . നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ഞായറാഴ്ച വരെ 104 സാമ്പിളുകൾ പരിശോധന നടത്തിയതിൽ തൃശൂർ, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയാൻ എല്ലാവരും മുൻകരുതൽ എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.