Top Stories
കൊറോണ:സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ മൂന്നാമത്തെ ആളിലും സ്ഥിതീകരിച്ചതോടെ കോറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
2239 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 84 പേർ ആശുപത്രികളിലും 2155 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംശയാസ്പദമായ 140 സാമ്പികളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയിൽ 46 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. വുഹാനിൽനിന്നും തിരിച്ചെത്തിയ കാസർകോട് ജില്ലയിലെ ഒരു വിദ്യാർഥിക്ക് കൊറോണ വൈറസ് സ്ഥിരീകകരിച്ചിട്ടുണ്ട്. ഈ വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കൊറോണവൈറസ് ബാധ പടരുന്നത് കർശനമായി തടയാൻ റാപ്പിഡ് റെസ്പോൺസ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. നിരീക്ഷണത്തിലുള്ളവർക്ക് കൗൺസിലിംഗിന് പ്രത്യേക കൗൺസിലിംഗ് സംഘത്തെ ഏർപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. ചൈനയിൽ നിന്നെത്തിയ ചിലർ വിവരം തരാതെ ഒഴിഞ്ഞുമാറുന്നതായും, ക്വാറന്റൈൻ ചെയ്യാൻ വിസമ്മതിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. തീരെ അനുസരിച്ചില്ലെങ്കിൽ അത് കുറ്റകൃത്യമായിത്തന്നെ കണക്കാക്കുമെന്നും കെ കെ ശൈലജ മുന്നറിയിപ്പ് നൽകി.
നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല. ആരോഗ്യ വകുപ്പ് സംസ്ഥാന തലത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. 28 ദിവസം നിരീക്ഷണമെന്ന് തീരുമാനിച്ചത് ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരമാണ്. കൃത്യം 28 ദിവസം തന്നെ ക്വാറന്റൈൻ ചട്ടങ്ങൾ പാലിച്ച് കഴിയണം. 14 ദിവസം മതിയെന്ന് ആരും കരുതരുതെന്നും കെ കെ ശൈലജ പറഞ്ഞു.
ആദ്യം രോഗബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാർത്ഥിനിയുടെ സാമ്പിളുകൾ ഇന്ന് അയച്ചതും പോസിറ്റീവാണെന്ന് പരിശോധനാഫലം പുറത്തുവന്നു. ഇവരുടെ ചികിത്സ തുടരും. ഓരോ ദിവസം ഇടവിട്ട് സാമ്പിളുകൾ അയച്ചുകൊണ്ടേയിരിക്കും. നെഗറ്റീവ് എന്ന ഫലം വരുന്നത് വരെ സാമ്പിളുകൾ അയക്കുമെന്നും തൃശ്ശൂർ മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
ആലപ്പുഴയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊറോണ ബാധിതരുടെ രക്തസാമ്പിളുകള്‍ പരിശോധിക്കാന്‍ തുടങ്ങി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാര്‍ക്കാണ് പരിശോധനാ ചുമതല. ഒരു ദിവസം 200 രക്തസാമ്ബിളുകള്‍ പരിശോധിക്കാനാവും. വേഗത്തില്‍ രോഗബാധ സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിക്കും. ഏഴ് മണിക്കൂറില്‍ ഫലം ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.