News
മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ
കൊല്ലം : ചവറ ശങ്കരമംഗലത്തുനിന്നും പുതുതലമുറയിൽപ്പെട്ട മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കൾ കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായി. ശാസ്താംകോട്ട സ്വദേശി അഭിജിത്ത്(23), പെരുമ്പാവൂർ സ്വദേശി ജിത്തു സണ്ണി(19) എന്നിവരാണ് പോലീസ് പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നും കൊണ്ടുവരുന്ന മയക്കുമരുന്ന്, വിദ്യാർത്ഥികൾക്കായി വിൽപ്പനയ്ക്ക് കൊണ്ടുവന്നതാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. വളരെ കുറഞ്ഞ അളവിലുള്ള ഉപയോഗം പോലും തലച്ചോറിന്റേയും മറ്റ് ആന്തരിക അവയവങ്ങളുടേയും പ്രവർത്തനത്തെ താളം തെറ്റിക്കുകയും ഉന്മാദ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്ന സിന്തറ്റിക്ക് ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് എംഡിഎംഎ.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിന് വിദ്യാഭ്യാസ സ്ഥാപന അധികൃതരുടേയും രക്ഷകർത്താക്കളുടേയും ഭാഗത്തുനിന്നും കൂടുതൽ ജാഗ്രത ഉണ്ടാകണമെന്നും ലഭിക്കുന്ന വിവരങ്ങൾ സിറ്റിപോലീസിന് കൈമാറണമെന്നും സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി. ഐപിഎസ് അറിയിച്ചു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി. ഐപിഎസ് ന് ലഭിച്ച വിവരം അനുസരിച്ച് ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസിപി എം എ നസീർ, ഡിസിആർബി എസിപി എം അനിൽകുമാർ, ചവറ പോലീസ് ഇൻസ്‌പെക്ടർ നിസാമുദീൻ എസ്‌ഐ മാരായ ജയകുമാർ, സുകേശൻ, ഡി എ എൻ എസ് എ എഫ് അംഗങ്ങളായ സജു, സീനു, ബൈജു ജെറോം, റിബു, മനു, രതീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.