News
സിസ്റ്റർ ലൂസിക്കെതിരെ വ്യക്തിഹത്യ നിറഞ്ഞ പരാമർശങ്ങളുമായി മാനന്തവാടി രൂപതയുടെയും എഫ്‍സിസി സഭയുടെയും സത്യവാങ്മൂലം
വയനാട്: സഭാ വിരോധികള്‍ക്കൊപ്പം സദാസമയവും കറങ്ങി നടക്കുകയും ഹോട്ടലുകളില്‍ താമസിക്കുകയും , അച്ചടക്കമില്ലാത്ത ജീവിതം നയിക്കുകയും ചെയ്യുന്ന സിസ്റ്റർ ലൂസി കളപ്പുരക്കൽ കാനോനിക നിയമങ്ങൾക്കെതിരായാണ് ജീവിക്കുന്നതെന്ന് മാനന്തവാടി രൂപത ബിഷപ്പും എഫ്‍സിസി സഭാ അധികൃതരും കോടതിയില്‍ സത്യവാങ്മൂലം നൽകി.
എഫ്‍സിസി മഠത്തില്‍നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹർജിയില്‍ സഭാ അധികൃതർക്ക് കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായാണ് മാനന്തവാടി രൂപതാ മെത്രാന്‍ മാർ ജോസ് പൊരുന്നേടവും എഫ്സിസി സഭാ അധികൃതരും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
സഭയെ അപകീർത്തിപ്പെടുത്തുകയെന്ന മാത്രം ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര കാനോനിക നിയമങ്ങള്‍ക്കെതിരായാണ് ജീവിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ 51 ദിവസത്തോളം സിസ്റ്റർ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എങ്ങോട്ട് പോയെന്നോ, എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ലെന്നും, ചില സമയങ്ങളില്‍ സംസ്കാര ശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം ഹോട്ടലുകളിലൊക്കെയാണ് സിസ്റ്ററുടെ താമസമെന്നും ദ്വയാർത്ഥ പ്രയോഗത്തോടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘമടക്കം സിസ്റ്ററെ മഠത്തില്‍നിന്നും പുറത്താക്കികൊണ്ടുള്ള നടപടി ശരിവച്ച സാഹചര്യത്തില്‍ കാരയ്ക്കാമല എഫ്സിസി മഠത്തില്‍ സ്ഥലം കയ്യേറിയാണ് സിസ്റ്റർ താമസിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
അന്യായമായി കോടതി തന്നെ അവിശ്വസിക്കില്ലെന്നും സഭയുടെ തെറ്റായ ആരോപണങ്ങള്‍ കോടതി തള്ളിക്കളയുമെന്നാണ് പ്രതീക്ഷയെന്നും സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു.