Top Stories

കൊറോണ:സംസ്ഥാനത്ത് 2421പേര്‍ നിരീക്ഷണത്തിൽ

തിരുവനന്തപുരം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്  വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിൽ. ഇവരില്‍ 2321 പേര്‍ വീടുകളിലും, 100 പേര്‍ ആശുപത്രികളിലുമാണ്  നിരീക്ഷണത്തിലുള്ളത്.സംശയാസ്പദമായവരുടെ190 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 118 ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്കാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനില
മെച്ചപ്പെടുന്നു. ആലപ്പുഴയിൽ മൂന്ന് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാസർകോട് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രണ്ട് പേരെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സമാനമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നടപടി. ഇവരുടെ പരിശോധനാഫലം പുറത്ത് വന്നിട്ടില്ല. ചൈനയില്‍ നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേരും ഉള്‍പ്പെടെ 94 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17  പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. അഞ്ചുപേരുടെ പരിശോധന ഫലം ലഭിച്ചതില്‍ ഒരാളുടെ  ഫലം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. 12 പേരുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് കാസർകോട് എത്തും.

തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നിരീക്ഷണത്തിൽ കഴിയവേ, അനുമതിയില്ലാതെ കോഴിക്കോട് നിന്നും വിദേശത്തേക്ക് പോയ രണ്ട് പേരെയും തിരിച്ചെത്തിക്കാൻ ശ്രമം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവില്‍ നിരീക്ഷണത്തിലുള്ളവര്‍ 28 ദിവസം തന്നെ നിരീക്ഷണത്തില്‍ കഴിയണം. ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളവരുടെ ഇൻക്വിബേഷൻ സമയം കഴിഞ്ഞാൽ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാകൂ.
ചൈനയിൽ നിന്ന് വന്നവർ വീടുകളിൽ തന്നെ തങ്ങണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ സംഖ്യ 492 ആയി ഉയർന്നു. പുതിയതായി 65 പേർകൂടി ഹുബേയ് പ്രവിശ്യയിൽ മരിച്ചതോടെയാണ് മരണസംഖ്യ ഇത്രയും ഉയർന്നത്. കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം 24,000 ആയി ഉയർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button