Editorial
പിണറായി വിജയൻ ഭയക്കുന്നത് ആരെ?
ഓരോ കാലത്തും രാജ്യസുരക്ഷയ്ക്കായി,
അന്വേഷണ ഏജൻസികൾക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ഓരോ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായ മിസ(മെയിന്റനൻസ് ഓഫ് ഇന്റെണൽ സെക്യൂരിറ്റി ആക്ട്),1967 ൽ ഉണ്ടാക്കിയ യുഎപിഎ (അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) തുടങ്ങിയവയൊക്കെ അങ്ങനെ രാജ്യ രക്ഷാർത്ഥം പിറന്നവയാണ്. ഇന്ദിരാഗാന്ധിയുടെ കാലത്തുണ്ടായ ‘മിസ’ ലാലു പ്രസാദ് യാദവ് ഉൾപ്പെടെ നിരവധി പ്രശസ്തരെ അകത്താക്കിയതോടെയാണ് പ്രശസ്തമായത്. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തന്റെ ഇളയ പെൺകുഞ്ഞിന് ‘മിസാ’ എന്ന പേര് തന്നെ നൽകി തന്നെ പൂട്ടിയ നിയമത്തെ എന്നും ഓർക്കാറുണ്ട് ലല്ലു.
യുഎപിഎ നിയമം എങ്ങനെ രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ഉപയോഗിക്കാമെന്ന് ഏറ്റവും കൂടുതൽ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് കോൺഗ്രസ് ഗവൺമെന്റ്കളാണ്. എന്നാലും, യുപിഎ അത്രക്കൊന്നും പ്രശസ്തമായിരുന്നില്ല മലയാളികളുടെ ഇടയിൽ. സിപിഎമ്മിന്റെ നേതാവ് പി ജയരാജനെ അകത്താക്കിയ പ്പോൾപോലും. പക്ഷേ ഇപ്പോൾ യുഎപിഎ എല്ലാ മലയാളികൾക്കും സുപരിചിതമാണ് അതിനു കാരണം നമ്മുടെ പ്രതിപക്ഷ നേതാവാണ്.
അലൻ താഹ എന്നീ കടുത്ത സിപിഎം പ്രവർത്തകരെ, സിപിഎമ്മിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യ്തു. തുടർന്ന് കേസ് എൻഐഎ ഏറ്റെടുത്തു. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും എൻ ഐ എ കുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുന്നു എന്നുമുള്ള പ്രതിപക്ഷനേതാവിന്റെ വിലാപം കാരണം ഇപ്പോൾ എല്ലാ മലയാളികൾക്കും യുഎപിഎ കാണാപ്പാഠമാണ്.
കടുത്ത സിപിഎം പ്രവർത്തകരായ കുട്ടികൾക്ക് ഉണ്ടായ ദുരിതത്തിൽപ്പോലും വിലപിക്കുന്ന പ്രതിപക്ഷനേതാവിനെ മനസ്സിന്റെ വലിപ്പം, കണ്ടോൺമെന്റ് ഹൗസിൽ നിന്നും ക്ലിഫ് ഹൗസിലേക്കുള്ള ദൂരത്തിന്റെ അത്രയും വരും. പ്രതിപക്ഷ നേതാവിന്റെ മുതലക്കണ്ണീരിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് ഒരു നേരമെങ്കിലും ബറോട്ട തിന്നുന്ന എല്ലാ മലയാളികൾക്കും മനസ്സിലാവുന്നതാണ്.
യാതൊരു തെളിവുകളും ഇല്ലാതെയാണ് യുഎപിഎ പോലുള്ള ഒരു നിയമം ചുമത്തി അലനെയും താഹയെയും പോലീസ് അറസ്റ്റ് ചെയ്തത് എങ്കിൽ, ഒന്നുകിൽ കേരളം വെള്ളരിക്കാപട്ടണം ആയിരിക്കണം, അല്ലെങ്കിൽ ഇവിടുത്തെ പ്രതിപക്ഷം കാശിനു കൊള്ളാത്തതായിരിക്കണം. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ കയറിയിട്ട് മൂന്നര കൊല്ലം കഴിഞ്ഞാണ് ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടെന്ന് മലയാളികൾ തിരിച്ചറിഞ്ഞത്. അതിന് ഒരു അലനും താഹയും പിന്നെ യുഎപിഎ യും വേണ്ടിവന്നു.
ഓപ്പറേഷൻ കുബേര പോലെ അസ്സലായി രാഷ്ട്രീയക്കാർക്കും പൊലീസുകാർക്കും കാശ് ഉണ്ടാക്കാൻ കഴിയുന്ന പദ്ധതി അല്ലാതെ എന്തുണ്ട് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ചൂണ്ടിക്കാട്ടാൻ പോലീസിൽ. മുക്കാചക്രം പലിശയ്ക്ക് കൊടുക്കുന്ന ബ്ലൈഡ് കാരെയല്ലാതെ മൊത്തം ഊറ്റിയെടുക്കുന്ന ആരെയെങ്കിലും തൊട്ട് അശുദ്ധമാക്കാൻ ചെന്നിത്തലയുടെ പോലീസിന് ആയോ.
കെ കരുണാകരൻ കഴിഞ്ഞാൽ, ആഭ്യന്തരവകുപ്പിൽ ഒരുപാട് നല്ല കാര്യങ്ങൾ നടപ്പിലാക്കിയ ജനകീയനായ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. സ്റ്റുഡന്റ് പോലീസ് കേഡറ്റ്(എസ് പി സി) എന്ന വിപ്ലവകരമായ ചുവടുവയ്പ്പ് നടത്തിയത് കോടിയേരിയുടെ കാലത്തായിരുന്നു. പോലീസിന്റെ പണി ജനങ്ങളെ തെറി വിളിക്കുക മാത്രമല്ലെന്ന് കൊടിയേരി കാണിച്ചുതന്നു. ആർക്കും എപ്പോഴും കാണാവുന്ന സൗമ്യനായ ഒരു ആഭ്യന്തരമന്ത്രി ആയിരുന്നു കോടിയേരി ബാലകൃഷ്ണൻ.
പാർട്ടിയെക്കാളും ബന്ധങ്ങളെ ക്കാളുമൊക്കെ വലുതാണ് രാജ്യസുരക്ഷ എന്ന് കാട്ടി തരുന്നതാണ് സ്വന്തം പാർട്ടിക്കാരനായ ചെറുപ്പക്കാർ വഴിപിഴച്ച പോയപ്പോൾ, നിയമം അനുശാസിക്കുന്ന വകുപ്പുകൾ ചുമത്തി അവരെ അറസ്റ്റ് ചെയ്തതോടെ പിണറായി വിജയൻ എന്ന് ആഭ്യന്തരമന്ത്രി രാജ്യത്തിന് കാട്ടിക്കൊടുത്തത്. കടുത്ത പിണറായി വിരോധികൾ പോലും അംഗീകരിച്ച നടപടിയായിരുന്നു അത്. ആ തീരുമാനത്തിലാണ്, കാശിനു കൊള്ളാത്ത പ്രതിപക്ഷത്തിന്റെയും, ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന് കരുതുന്ന മുഖ്യധാരാ മാധ്യമങ്ങളുടെയും ഉമ്മാക്കി കണ്ട് പിണറായി വെള്ളം ചേർത്തത്.
യുഎപിഎ ചുമത്തിയ കേസ് എൻഐഎ ഏറ്റെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിക്കയച്ച കത്ത്, നിഷ്പക്ഷ മലയാളികളുടെ മനസ്സിൽ സഖാവ് പിണറായി വിജയന്റെ നിലപാടുകളുടെ നിലവാരത്തെക്കുറിച്ച് സംശയം ജനിപ്പിക്കും. താങ്കൾ ആരെയാണ് പേടിക്കുന്നത്, സ്വാർത്ഥ ലാഭം മാത്രം മനസ്സിൽ കണ്ട് പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാവിനെയോ, അതോ പണത്തിനു മീതെ വാർത്തകൾ എഴുതില്ല എന്ന് തീരുമാനിച്ച മാധ്യമതമ്പുരാക്കന്മാരെയോ, എന്തായാലും ഈ പിണറായിയെ
അല്ല കേരളം ആഗ്രഹിക്കുന്നത്.