News
വിജയ്യുടെ വീട്ടിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന പൂർത്തിയായി;ഭൂമിയുടെ ആധാരങ്ങളും നിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തു
ചെന്നൈ: നടൻ വിജയ്യുടെ വീട്ടിൽ നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന പൂർത്തിയായി. 30 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം ഭൂമിയുടെ ആധാരങ്ങളും നിക്ഷേപങ്ങളുടെ രേഖകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. വിജയ്ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വിജയിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം. ഈ രേഖകൾ പരിശോധിച്ചതിന് ശേഷമാകും തുടർ നടപടികൾ ഉണ്ടാകുക.
വിജയുടെ വീട്ടിൽനിന്നും പണമൊന്നും പിടിച്ചെടുത്തിട്ടില്ല എന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
നിർമാതാവായ അൻപു ചെഴിയന്റെ പക്കൽനിന്ന് കണക്കിൽപ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തെന്നും ആദായനികുതി വകുപ്പ് കമ്മീഷണർ സുരഭി അലുവാലിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ചെന്നൈ, മധുര എന്നിവിടങ്ങളിലെ അൻപു ചെഴിയനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നാണ് പണം പിടിച്ചെടുത്തത്. ഇതിനൊപ്പം വിവിധ വസ്തുവകളുടെ രേഖകൾ, പ്രോമിസറി നോട്ടുകൾ, ചെക്കുകൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്.