48 തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം
പത്തനംതിട്ട: ജില്ലയിലെ 48 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019 -20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, പത്തനംതിട്ട, തിരുവല്ല, അടൂര്‍ നഗരസഭകളിലെയും ഇലന്തൂര്‍, കോന്നി, റാന്നി, കോയിപ്രം, മല്ലപ്പള്ളി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളായ റാന്നി അങ്ങാടി, ഏറത്ത്, റാന്നി, അരുവാപ്പുലം, തോട്ടപ്പുഴശേരി, മൈലപ്ര, തുമ്പമണ്‍, ഏനാദിമംഗലം, ആറന്‍മുള, തണ്ണിത്തോട്, ചെറുകോല്‍, ഇരവിപേരൂര്‍, പുറമറ്റം, കലഞ്ഞൂര്‍, നിരണം, നാരങ്ങാനം, കടമ്പനാട്, നെടുമ്പ്രം, ചിറ്റാര്‍, ഇലന്തൂര്‍, വടശേരിക്കര, കോട്ടാങ്ങല്‍, ആനിക്കാട്, കോഴഞ്ചേരി, മല്ലപ്പുഴശേരി, പെരിങ്ങര, പന്തളം തെക്കേക്കര, കുളനട, ഓമല്ലൂര്‍, റാന്നി പഴവങ്ങാടി, കല്ലൂപ്പാറ, മെഴുവേലി, റാന്നി പെരുനാട്, കോന്നി, കൊടുമണ്‍, കുന്നന്താനം, അയിരൂര്‍, ചെന്നീര്‍ക്കര, എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
പദ്ധതി പുരോഗതി ഗണ്യമായി ത്വരിതപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ഇതിനായി ഈമാസം 13 മുതല്‍ നിര്‍വഹണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ജില്ലാതല, ബ്ലോക്ക്തല അവലോകന യോഗം ചേരും.
കുറ്റകൃത്യങ്ങള്‍ക്ക് വിധേയരായവരുടെ സംരക്ഷണം, കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരുടെ പരിവര്‍ത്തനം എന്നിവ ലക്ഷ്യമിട്ടുള്ള സാമൂഹികപ്രതിരോധ പദ്ധതി തെരഞ്ഞടുക്കപ്പെട്ട അഞ്ചു പഞ്ചായത്തുകളില്‍ 20-21 സാമ്പത്തിക വര്‍ഷം പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനവുമായി ചേര്‍ന്ന് നടപ്പാക്കുന്നതിന് തീരുമാനിച്ചു. നിലവില്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നവരുടെ പരിവര്‍ത്തനത്തിനുള്ള സേവനം ജില്ലാ പ്രോബേഷന്‍ ഓഫീസ് മുഖേനയാണ് നടപ്പാക്കി വരുന്നത്. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇതിനു പരിഹാരം കാണുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ ആസൂത്രണ സമിതി വിലയിരുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പ്രൊബേഷന്‍ ഉപദേശക സമിതി യോഗ തീരുമാനം ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍ ജില്ലാ ആസൂത്രണസമിതിയില്‍ അവതരിപ്പിച്ചു.
ആസൂത്രണ സമിതി അംഗങ്ങളായ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അഡ്വ.ആര്‍.ബി. രാജീവ് കുമാര്‍, സാം ഈപ്പന്‍, എന്‍.ജി. സുരേന്ദ്രന്‍, എം.ജി. കണ്ണന്‍, വിനീത അനില്‍, ലീലാ മോഹന്‍, എലിസബത്ത് അബു, ബിനി ലാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍കുമാര്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.