ചൈനയിൽ 15 പെൺകുട്ടികൾ ഉൾപ്പെടെ 21 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു
ബെയ്ജിങ്ങ്: ചൈനയിൽ 21 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. ചൈനയിലെ കുമിങ്ങ് വിമാനത്താവളത്തിലാണ് വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നത്. 15 പെൺകുട്ടികൾ അടങ്ങുന്ന ഡാലിയാൻ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘമാണ് ചൈനയിലെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
കൊറോണ ബാധ ഗുരുതരമായി വന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ച വിദ്യാർത്ഥികളുടെ വിസയുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെ ചൈനയിൽ നിന്നുള്ള മടങ്ങിവരവും നീണ്ടു. തുടർന്ന് വിസ പുതുക്കി ലഭിച്ചതിനു ശേഷം ഫെബ്രുവരി 3 ന് സ്കൂട്ട് എയർലൈൻസ് മുഖേന സിംങ്കപ്പൂർ വഴി നാട്ടിലേക്ക് തിരിക്കാനായി വിദ്യാർത്ഥികൾ വിമാനത്താവളത്തിലെത്തിയപ്പോഴാണ് സിങ്കപ്പൂർ പൗരൻമാരെ അല്ലാതെ ആരെയും സിങ്കപ്പൂരിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളെല്ലാം കൊറോണയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതാണ് വിദ്യാർത്ഥികൾക്കും വിനയായത്.
തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയ വിദ്യാർത്ഥികൾ വാട്സ്ആപ്പ് വഴി ബന്ധുക്കളെ കാര്യം അറിയിച്ചതോടെയാണ് വിദ്യാർഥികളുടെ അവസ്ഥ പുറത്തറിയുന്നത്. തുടർന്ന് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.