ഇന്ന് സംസ്ഥാന ബജറ്റ്
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒൻപതുമണിക്ക് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കലും അധിക വിഭവ സമാഹരണ പ്രഖ്യാപനങ്ങളും ലക്ഷ്യമിട്ടുള്ള ഒരു ബജറ്റായിരിക്കും പിണറായി സർക്കാരിന്റെ അഞ്ചാം ബജറ്റ്.
ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി വാഹന ഉപയോഗ നയം, തസ്തിക പുനർവിന്യാസം, അനാവശ്യ അധ്യാപക തസ്തിക സൃഷ്ടിക്കൽ ഒഴിവാക്കുന്നതിന് സ്പെഷൽ റൂൾസ് ഭേദഗതി എന്നിവ പ്രഖ്യാപിച്ചേക്കും. ജി.എസ്.ടി. ഒഴികെയുള്ള മറ്റു നികുതികളുടെ പരിഷ്കരണത്തിലൂടെ സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടിയുണ്ടാകും. അതോടൊപ്പം തന്നെ സർക്കാരിന്റെ ചിലവ് ചുരുക്കൽ നടപടികളും ഉണ്ടാകും. പുതുസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. 5 ലക്ഷത്തോളം അനർഹരെ ഒഴിവാക്കിയതു വഴി ലാഭിക്കുന്ന പണം കൊണ്ട് ക്ഷേമ പെൻഷൻ തുക 100 രൂപ വർധിപ്പിക്കും. 20,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിക്കു കീഴിൽ അടുത്ത സാമ്പത്തിക വർഷം പൂർത്തിയാക്കും.