Top Stories
കൊറോണയെ നിലക്ക് നിർത്തി കേരളം;സംസ്ഥാന ദുരന്തം എന്നത് പിൻവലിച്ചു
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സർക്കാർ പിൻവലിച്ചു. പുതിയ കേസുകൾ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ വിനോദ യാത്രകൾ അടക്കമുള്ളവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി പിൻവലിക്കും. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചുവെങ്കിലും അതീവ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 3014 പേരിൽ 61 പേർക്ക് നേരിയ ലക്ഷണങ്ങൾ കണ്ടെത്തി. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിലെ ലാബിൽ പരിശോധന ആരംഭിച്ചതോടെ ഫലം വളരെവേഗം ലഭിക്കാൻ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ചൈനയിലെ വുഹാനിൽ നിന്ന് തിരിച്ചെത്തി ഡൽഹിയിലെ ക്യാംപിൽ കഴിയുന്ന എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞുവെന്നും അവരിൽ നിന്ന് കൂടുതൽ പേരിലേക്ക് വൈറസ് വ്യാപിക്കുന്നത് തടയാനും നമുക്കായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.അക്കാര്യത്തിൽ സർക്കാരിന് സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വുഹാനിൽനിന്ന് വന്ന മൂന്നുപേരിൽ രണ്ടുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുൻകരുതലെന്നോണം വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.