Top Stories
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഒഴിവാക്കിയും പെട്രോൾ ഡീസൽ വാഹനങ്ങളുടെ നികുതി വർദ്ധിപ്പിച്ചും സംസ്ഥാന ബജറ്റ്
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഒഴിവാക്കിയും പെട്രോൾ ഡീസൽ വാഹനങ്ങളുടെ നികുതി വർദ്ധിപ്പിച്ചും സംസ്ഥാന ബജറ്റ്. ക്ലീന്‍ എനര്‍ജി പദ്ധതിയുടെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി പൂർണമായും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു.
പുതുതായി വാങ്ങുന്ന ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക മോട്ടോർ ബൈക്കുകൾ, ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സർവീസ് വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ ഒറ്റത്തവണ നികുതി അഞ്ചുശതമാനമാക്കി നിജപ്പെടുത്തും.
പുതുതായി വാങ്ങുന്ന പെട്രോൾ ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതിക്ക് ഏർപ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തുകളഞ്ഞു. പകരം ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി 2500 രൂപയായി നിജപ്പെടുത്തും. 2 ലക്ഷംവരെ വിലയുള്ള മോട്ടോർ സൈക്കിളുകൾക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വില വരുന്ന കാറുകൾക്കും മറ്റു സ്വകാര്യ വാഹനങ്ങൾക്കും രണ്ട് ശതമാനവും നികുതി കൂട്ടി. ഇതുവഴി ഇരുന്നൂറ് കോടി രൂപയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്.
ടിപ്പർ വിഭാഗത്തിൽ പെടാത്ത മൾട്ടി ആക്സിൽ വാഹനങ്ങളുടെ ത്രൈമാസ നികുതി ഇരുപത് ശതമാനം കുറവ് ചെയ്യും. പത്തുലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനം വിൽക്കുമ്പോൾ വാഹനം വിൽക്കുന്നവർ ഒരു ശതമാനം നികുതി പിടിച്ച് ആദായ നികുതി വകുപ്പിന് അടക്കേണ്ടതുണ്ട്. ഇതുപിന്നീട് വാഹന ഉടമ അടയ്ക്കുന്ന നികുതിയിൽ ക്രമീകരിക്കാവുന്നതാണ്.
ഡീലർമാരുടെ കൈവശമുള്ള ഡെമോ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ അടക്കുന്നതിന്റെ പതിനഞ്ചിൽ ഒന്ന് നികുതി ഏർപ്പെടുത്തും. എന്നാൽ ഇത്തരം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ പതിനഞ്ചുവർഷത്തെ ഒറ്റത്തവണ നികുതി അടക്കണം. 25,000 രൂപയായി പുക പരിശോധന കേന്ദ്രങ്ങളുടെ ലൈസൻസ് ഫീ കൂട്ടിയിട്ടുണ്ട്.