Top Stories
ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ന്യൂഡൽഹി: ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. എഎപി യോ ബിജെപി യോ ആര് വാഴും ആര് വീഴും എന്ന് പൊതുജനം ഇന്ന് വിധിയെഴുതും. 70 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ചൊവ്വാഴ്ച അറിയാം.രാവിലെ എട്ട് മുതൽ വൈകീട്ട് ആറുമണിവരെയാണ് പോളിങ് സമയം. കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
എഎപി 70 സീറ്റുകളിലും ബിജെപി 67 സീറ്റുകളിലും ഘടകകക്ഷിയായ ജെഡിയു രണ്ട് സീറ്റുകളിലും എൽജെപി ഒരു സീറ്റിലും മത്സരിക്കുന്നു. കോൺഗ്രസ് 66 സീറ്റിലും ഘടകകക്ഷിയായ ആർ.ജെ.ഡി. നാല് സീറ്റിലും മത്സര രംഗത്തുണ്ട്. അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹി മണ്ഡലത്തിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ച് മണ്ഡലത്തിലും സ്ഥാനാർഥികളാണ്.
പൗരത്വ നിയമം, പ്രതിഷേധങ്ങൾ, ഷഹീൻബാഗിലെ രാപകൽ സമരം, ജെ.എൻ.യു. ആക്രമണം, സവാള വിലക്കയറ്റം, തൊഴിലില്ലായ്മ, അയോധ്യയിലെ രാമക്ഷേത്ര നിർമാണം തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാർ തുടങ്ങിയ വമ്പൻപ്രചാരകർ ബി.ജെ.പി.ക്ക് വേണ്ടിയും രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് തുടങ്ങിയവർ കോൺഗ്രസിനായും പ്രചാരണങ്ങളിൽ അണിനിരന്നപ്പോൾ അരവിന്ദ് കെജ്രിവാൾ മാത്രമായിരുന്നു എ.എ.പി.യുടെ മുഖ്യപ്രചാരകൻ.