News

പാലാരിവട്ടം പാലം:ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിമിനെ വിജിലൻസ് ചോദ്യം ചെയ്യും. കൂടുതൽ തെളിവുകൾ ശേഖരിച്ചുവെന്നും അടുത്ത ആഴ്ച ചോദ്യം ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു. ഗവര്‍ണര്‍ അനുമതിക്ക് നല്‍കിയതിന് പിന്നാലെയാണ് മുന്‍മന്ത്രിയും നിലവില്‍ കളമശ്ശേരി എംഎല്‍എയുമായ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.

നേരത്തെ കേസിലെ സാക്ഷിയെന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു. എന്നാല്‍ ക്രിമിനല്‍ ചട്ടം 41 എ പ്രകാരം നോട്ടീസ് നല്‍കി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്താനാണ് വിജിലന്‍സിന്‍റെ നീക്കം. നിയമസഭാ സമ്മേളനം തീരുന്ന മുറയ്ക്ക് അടുത്ത ബുധനാഴ്ചയ്ക്ക് ശേഷമാകും ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിയമസഭാ സമ്മേളനത്തിനിടെ സഭാ അംഗങ്ങളെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യണമെങ്കില്‍ സ‍്പീക്കറുടെ അനുമതി വാങ്ങണമെന്ന് ചട്ടമുണ്ട്. ഈ സാഹചര്യത്തില്‍ ബുധനാഴ്ച സമ്മേളനം പൂര്‍ത്തിയായ ശേഷം മാത്രമേ വിജിലന്‍സ് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞിന് കത്ത് നല്‍കൂ. ചോദ്യം ചെയ്യൽ നടപടികൾക്കായുള്ള ചോദ്യാവലി തയ്യാറാക്കൽ അടക്കമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും വിജിലൻസ് സംഘം പറയുന്നു.

ഇബ്രാഹിംകുഞ്ഞിനെ കൂടാതെ മുന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്‍ജസ് ഡെവലപ്‍മെന്‍റ് കോര്‍പ്പര്‍ഷേന്‍ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസിനേയും വിജിലന്‍സ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കും എന്നാണ് സൂചന. റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോര്‍പറേഷന്‍ എംഡി എന്ന നിലയില്‍ ഹനീഷിന് പാലം നിര്‍മ്മാണത്തില്‍ മേല്‍നോട്ട കുറവുണ്ടായി എന്നായിരുന്നു നേരത്തെയുള്ള  വിജിലന്‍സിന്‍റെ നിഗമനം. എന്നാല്‍ ഹനീഷിനെതിരെ നിര്‍ണായകമായ ചില തെളിവുകളും രേഖകളും ഇപ്പോള്‍ വിജിലന്‍സിന് ലഭിച്ചുവെന്നാണ് സൂചന.

ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി ലഭിക്കാൻ വൈകിയതിനെ തുടർന്ന് കേസിന്റെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. എന്നാൽ ഈ സമയത്ത് തെളിവുകൾ ശേഖരിക്കുന്നതിൽ വിജിലൻസ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് ആദ്യഘട്ട മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചതിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button