ആർഎസ്എസ് പ്രചാരകനായിരുന്ന പി പരമേശ്വരൻ അന്തരിച്ചു
പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായിരുന്ന പി. പരമേശ്വരൻ അന്തരിച്ചു. 93 വയസ്സായിരുന്നു. ഞായറാഴ്ച വൈകിട്ട് സ്വദേശമായ മുഹമ്മയിലാണ് സംസ്കാര ചടങ്ങുകൾ.
ചേർത്തല താമരശ്ശേരിൽ ഇല്ലത്ത് പരമേശ്വരൻ ഇളയതിന്റെയും സാവിത്രി അന്തർജനത്തിന്റെയും മകനായി 1927ലായിരുന്നു പി. പരമേശ്വരന്റെ ജനനം. ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്താണ് ആർ.എസ്.എസ്. പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നത്.1951 മുതൽ ആർ.എസ്. എസ്സിന്റെ മുഴുവൻസമയ പ്രചാരകനായി.
രാജ്യം പത്മശ്രീ, പദ്മ വിഭൂഷൺ എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഡൽഹി ദീൻ ദയാൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ഭാരതീയവിചാരകേന്ദ്രം എന്നിവയുടെ ഡയറക്ടർ, കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പദവികൾ വഹിച്ചു.