ആംബുലൻസ് അപകടത്തിൽപ്പെട്ട് സ്റ്റാഫ് നഴ്സ് മരിച്ചു
തൃശ്ശൂർ : 108 ആംബുലൻസ് അപകടത്തിൽപ്പെട്ട് സ്റ്റാഫ് നഴ്സ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര സ്വദേശി താണിക്കൽ ചമ്മണത്ത് വർഗീസിന്റെ മകൾ ഡോണ വർഗീസ് (23)ആണ് മരിച്ചത്. അന്തിക്കാട് ആശുപത്രിയിലെ 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായിരുന്നു ഡോണ വർഗീസ്. ഗുരുതര പരിക്കേറ്റ ഡ്രൈവർ അന്തിക്കാട് സ്വദേശി അജയ്കുമാർ (29) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രിയോടെ അന്തിക്കാട് ആൽ സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. രോഗിയെ കൊണ്ടുവരാൻ ആംബുലൻസ് രോഗിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. എതിരേ വന്ന കാറിനെ മറികടക്കാൻ ശ്രമിക്കവേ ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടുമതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിലിന്റെ ഒരുഭാഗവും വീടിന്റെ മുൻവാതിലും തകർന്നു. വീട്ടുകാർ അടുക്കളയിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഡോണയുടെ അമ്മ: റോസി. സഹോദരങ്ങൾ: വിറ്റോ, ഡാലി. ഡോണയുടെ മരണത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ദുഃഖം അറിയിച്ചു.