ശബരിമല:അഞ്ചംഗ ബെഞ്ച് പരിഗണിക്കാൻ വിട്ട വിഷയങ്ങളിൽ തിങ്കളാഴ്ച മുതൽ വിശാല ബെഞ്ച് വാദം കേൾക്കും
ന്യൂഡൽഹി: ശബരിമലയുമായി ബന്ധപ്പെട്ട ഹർജിയിൽ അഞ്ചംഗ ബെഞ്ച് പരിഗണിക്കാൻ വിട്ട വിഷയങ്ങളിൽ തിങ്കളാഴ്ച മുതൽ വിശാല ബെഞ്ച് വാദം കേൾക്കും. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി ഇന്ന് നിരീക്ഷിച്ചിരുന്നു. വിശാല ബെഞ്ചുണ്ടാക്കിയതിനെ ചോദ്യംചെയ്ത് ഫാലി എസ്.നരിമാൻ അടക്കമുള്ള ചില മുതിർന്ന അഭിഭാഷകർ രംഗത്തെത്തിയിരുന്നു. ശബരിമല വിധി പുനഃപരിശോധിക്കാൻ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചിട്ടില്ലെന്നും അതിനാൽ അതിലുയർന്നുവന്ന നിയമപ്രശ്നങ്ങൾ വിശാലബെഞ്ചിനു വിടാനാവില്ലെന്നുമായിരുന്നു ഫെബ്രുവരി ആറിന് കേസ് പരിഗണിച്ചപ്പോൾ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ വാദിച്ചത്. ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഒമ്പതംഗ ബെഞ്ചിന് സാധുതയുണ്ടെന്ന് പ്രഖ്യാപിച്ചത്. തുടർന്നാണ് തിങ്കളാഴ്ച മുതൽ എല്ലാദിവസവും വാദം കേൾക്കാൻ വിശാല ബെഞ്ച് തീരുമാനിച്ചത്.
മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എന്താണ്?, മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ലക്ഷ്യവും എന്താണ്?, മതവിഭാഗങ്ങളുടെ അവകാശങ്ങൾ മൗലികാവകാശങ്ങൾക്ക് വിധേയമാണോ?, മതാനുഷ്ടാനങ്ങളിൽ എന്താണ് ധാർമ്മികത?, ഭരണഘടനാ അനുച്ഛേദം 25 (2) (ബി) പ്രകാരം ‘ഹിന്ദുക്കളിലെ ഒരു വിഭാഗം’ എന്നതിന്റെ അർത്ഥം എന്താണ്?, മതസ്വാതന്ത്ര്യത്തിന്റെ കാര്യങ്ങളിൽ ജുഡീഷ്യൽ അവലോകനത്തിന്റെ സാധ്യത എന്താണ്?, ഒരു മതവിഭാഗത്തിലും പെടാത്ത ഒരാൾക്ക് ഏതെങ്കിലും മതവിഭാഗത്തിന്റെ രീതികളെ ചോദ്യം ചെയ്ത് ഒരു പൊതുതാൽപര്യ ഹർജി സമർപ്പിക്കാൻ കഴിയുമോ? എന്നീ വിഷയങ്ങളിലാണ് തിങ്കളാഴ്ച മുതൽ സുപ്രീംകോടതി വിശാല ബെഞ്ച് വാദം കേട്ടു തുടങ്ങുന്നത്.