News
കടവൂർ ജയൻ വധക്കേസിലെ ജാമ്യത്തിലിറങ്ങി മുങ്ങിയ 9 പ്രതികളും കീഴടങ്ങി
കൊല്ലം : കടവൂർ ജയൻ വധക്കേസിലെ ജാമ്യത്തിലിറങ്ങി മുങ്ങിയ 9 പ്രതികൾ കീഴടങ്ങി. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
കടവൂർ വലിയങ്കോട്ടു വീട്ടിൽ ജി വിനോദ്(42), കൊറ്റങ്കര ഇടത്തു വീട്ടിൽ ജി ഗോപകുമാർ(36), കടവൂർ താവരത്തു വീട്ടിൽ സുബ്രഹ്മണ്യൻ(36), വൈക്കം താഴതിൽ പ്രിയരാജ്(39), പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ്(26), കിഴക്കടത്ത് എസ് അരുൺ(34), മതിലിൽ അഭി നിവാസിൽ രജനീഷ്(31), ലാലിവിള വീട്ടിൽ ദിനരാജ്(31), കടവൂർ ഞാറക്കൽ ഗോപാല സദനത്തിൽ ആർ ഷിജു(36) എന്നിവരാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികൾ.
കൊല്ലം അഡിഷണൽ സെഷൻസ് കോടതി, പ്രതികൾ 9 പേരും കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി എത്രയും പെട്ടെന്ന് പ്രതികളെ ഒൻപതു പേരെയും ഹാജരാകണമെന്ന് പോലീസിനോട് ഉത്തരവിടുകയും ചെയ്തു. തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായി അഞ്ചാലുംമൂട് പോലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ബിജെപി പ്രവർത്തകനായിരുന്ന ജയൻ പാർട്ടി വിട്ടതിന്റെ വൈരാഗ്യത്തിൽ പ്രതികൾ സംഘം ചേർന്ന് ജയനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2012 ഫെബ്രുവരി 7 ന് ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം. വീടിനു സമീപം കടവൂർ ജംഗ്ഷനിൽ വച്ച് പ്രതികൾ ജയനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.