Top Stories

തീരദേശനിയമം ലംഘിച്ച് നടത്തിയ നിർമാണങ്ങളുടെ പട്ടിക 6 ആഴ്ചക്കുള്ളിൽ നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിൽ തീരദേശനിയമം ലംഘിച്ച് നടത്തിയ നിർമാണങ്ങളുടെയും അനധികൃത കയ്യേറ്റങ്ങളുടേയും പട്ടിക 6 ആഴ്ചക്കുള്ളിൽ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തീരദേശ നിയമം ലംഘിച്ച് പണിത കെട്ടിടങ്ങളുടെ പട്ടിക സർക്കാർ സുപ്രീം കോടതിക്ക് നൽകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഗൗരവമുള്ള വിഷയമാണിതെന്നും ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി മറുപടി നൽകണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേസ് മാർച്ച് 23-നു വീണ്ടും പരിഗണിക്കും.

തീരദേശനിയമം ലംഘിച്ചതിൽ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന്  പൊളിച്ചുനീക്കിയ മരടിലെ ഫ്ലാറ്റുകളിലൊന്ന് മേജർ രവിയുടേതായിരുന്നു. കേരളത്തിലെ അനധികൃത നിർമ്മാണങ്ങളെ കുറിച്ച് വ്യക്തമായ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടിരുന്നു. ഇതിനായി നാലുമാസത്തെ സമയവും കോടതി അനുവദിച്ചിരുന്നു. നാലു മാസത്തിനു ശേഷവും റിപ്പോർട്ട് നൽകാത്തതിനാലാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്. മാർച്ച് 23 സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.

ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരം, പൊളിച്ച ഫ്ലാറ്റുകൾ നിൽക്കുന്ന സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങളും ഇപ്പോൾ കോടതിക്കു മുന്നിലുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തിൽ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. എന്നാൽ, നഷ്ടപരിഹാര വിഷയം ജില്ലാ ജഡ്ജി കൈകാര്യം ചെയ്യണമെന്നാവശ്യപ്പെട്ട് ചിലർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇവയിലെല്ലാം സുപ്രീം സംസ്ഥാന സർക്കാരിന്റെ മറുപടിതേടി.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button