വർഗീയതയേയും വിഭാഗീയതയേയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്ന വലിയ പാഠമാണ് ഡൽഹി
February 11, 2020
0 222 1 minute read
ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തിൽ മൂന്നാം തവണയും ആം ആദ്മിയുടെ വ്യക്തവും ശക്തവും ആയ മുന്നേറ്റം. അരവിന്ദ് കേജരിവാൾ എന്ന ഒറ്റയാൻ ചുക്കാൻ പിടിച്ച നയപരമായ തീരുമാനങ്ങളിൽ ഊന്നിയുള്ള പ്രചാരണ തന്ത്രങ്ങളുടെ വിജയത്തിനാണ് ഡൽഹി ഇന്ന് സാക്ഷ്യംവഹിച്ചത്. തീവ്ര ഹിന്ദുത്വം ഉയർത്തിപ്പിടിച്ച് പ്രചാരണത്തിന് ഇറങ്ങിയ ബിജെപിയെ മൃദുഹിന്ദുത്വത്തിന്റെ സൗമ്യ മുഖത്തോടെ നിസ്സാരമായി നേരിട്ട് മുട്ട് കുത്തിച്ചു കളഞ്ഞു കെജ്‌രിവാൾ. ഇന്ദ്രപ്രസ്ഥത്തിലെ എല്ലാ വിഭാഗത്തിലുള്ള ജനങ്ങളുടെയും ആത്മാവ് തൊട്ടറിയാൻ ശ്രമിച്ചതാണ് കെജ്രിവാളിന്റെ വിജയത്തിന് കാരണം. വർഗീയതയേയും വിഭാഗീയതയേയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്ന വലിയ പാഠമാണ് ഡൽഹിയിലെ ആം ആദ്മിയുടെ വിജയം രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കാട്ടി കൊടുക്കുന്നത്. വികസനത്തിനൊപ്പം തന്നെയാണ് ജനം എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
യാതൊരുവിധ വിവാദങ്ങൾക്കും തിരി കൊടുക്കാതെ ആയിരുന്നു കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. പൗരത്വ നിയമ ഭേദഗതി, കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ നടപടി, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് എന്നീ തീപാറുന്ന വിഷയങ്ങൾ ഡൽഹിയിലെ തിരഞ്ഞെടുപ്പ് കവലകളിൽ ചർച്ച ചെയ്തപ്പോൾ, അവയിലൊന്നും പെടാതെ എന്നാൽ അവയെയൊക്കെ തൊട്ടുതലോടി കൊണ്ടുള്ള ഒരു തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു കെജ്രിവാളിന്റെത്.
ഡൽഹിയിലെ വികസനകാര്യങ്ങളും തന്റെ സർക്കാർ പാലിച്ച വാഗ്ദാനങ്ങളും ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിൽ കെജ്‌രിവാൾ ശ്രദ്ധ കാണിച്ചു. 81 ശതമാനത്തോളം ഹിന്ദുവിഭാഗക്കാർ ജീവിക്കുന്ന ഡൽഹിയിൽ ബിജെപിയുടെ ഹിന്ദുത്വ പ്രചരണങ്ങളെ മറികടക്കാൻ ഡൽഹിയിലെ വോട്ടെടുപ്പിന് കൃത്യം ഒരാഴ്ച മുമ്പ് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി താനൊരു ഹിന്ദു മതവിശ്വാസിയാണെന്നകാര്യം കേജ്രിവാൾ ഓർമപ്പെടുത്തി.
കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽനിന്നും ആംആദ്മി അകലംപാലിച്ചു.
പൗരത്വ വിഷയത്തിൽ ഡൽഹിയിൽ അക്രമങ്ങളും സംഘർഷങ്ങളും പൊട്ടിപ്പുറപ്പെട്ടപ്പോഴും പോലീസ് അതിക്രമം അരങ്ങുവാഴുമ്പോളും കെജ്രിവാൾ സംയമനം പാലിച്ചു. ട്വീറ്റുകളിൽ മാത്രം പ്രതികരണം ഒതുക്കി. ഇതിനൊപ്പം പരിക്കേറ്റവർക്കും മറ്റും ചികിത്സാസൗകര്യങ്ങൾ ഉറപ്പുവരുത്തി ഒരു ഭരണാധികാരിയുടെ കടമ കെജ്രിവാൾ നിർവഹിച്ചുവെന്ന് ജനങ്ങൾക്ക് കാണിച്ചു കൊടുത്തു.
പൗരത്വ വിഷയത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെ കൂട്ടിച്ചേർത്ത് മറുപടി നൽകി. സാമ്പത്തിക പ്രതിസന്ധി ഇത്രയും രൂക്ഷമായിരിക്കുമ്പോൾ എവിടെയാണ് കുടിയേറ്റക്കാരായെത്തുന്ന ലക്ഷക്കണക്കിന് പേരെ ഉൾക്കൊള്ളുകയെന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദുത്വം ഉയർത്തിപ്പിടിച്ച് വോട്ട് തേടാൻ ശ്രമിച്ച ബിജെപിക്ക് വലിയ തിരിച്ചടിയായി അതുമാറി.
കഴിഞ്ഞ അഞ്ച് വർഷത്തെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ഉയർത്തിക്കാണിച്ചാണ് കെജ്രിവാളും സംഘവും തിരഞ്ഞെടുപ്പിനെ നേരിട്ടത്. പോസ്റ്ററുകളിലും യോഗങ്ങളിലും അവർ വിശദീകരിച്ചതും ഈ വിഷയങ്ങൾ മാത്രമായിരുന്നു. ‘ഞാൻ എന്റെ ജോലിചെയ്തെന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ മാത്രം നിങ്ങൾ എനിക്ക് വോട്ട് ചെയ്യൂ, അല്ലെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട’ എന്ന് കെജ്രിവാൾ പറഞ്ഞത്, ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒരു സാധാരണക്കാരന്റെ ആത്മാർത്ഥതയുള്ള വാക്കുകൾ ആയിട്ടാണ് പൊതുജനം കണ്ടത്. സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, സ്ത്രീകൾക്ക് സൗജന്യ യാത്ര, സ്കൂളൂകളുടെ നവീകരണം, നിരവധി ക്ഷേമപദ്ധതികൾ തുടങ്ങിയ നേട്ടങ്ങൾ ആംആദ്മി ഉയർത്തിക്കാട്ടി. നാടിന്റെ വികസനം ലക്ഷ്യം വെക്കുന്ന ഒരു സമൂഹം വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി കേജ്‌രിവാളിനെ വീണ്ടും ഡൽഹിയുടെ നായകനാക്കി.