Editorial

മൈനസ് സീറോയിൽ മരവിക്കുന്ന കോൺഗ്രസ്

ഡൽഹി തെരഞ്ഞെടുപ്പു ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശാ സൂചികയാണന്ന് പറയാൻ കഴിയില്ല. എന്നാൽ കോൺഗ്രസിന്റെ ‘കൗണ്ട് ഡൗൺ’ തുടങ്ങിക്കഴിഞ്ഞുവെന്ന് നിസംശയം പറയാൻ കഴിയും. പൂജ്യത്തിന് പിന്നിൽ മറ്റൊരു സംഖ്യ ഇല്ലാത്തതിനാൽ ഒന്നും നഷ്ട്ടപ്പെടാനില്ലാത്ത മഹത്തായ ഒരു പ്രസ്ഥാനമായി കോൺഗ്രസ് മാറിക്കഴിഞ്ഞു .

ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി 15 വർഷം ഭരിച്ച ഡൽഹിയിൽ, നിയമസഭാ തിരഞ്ഞെടുപ്പ്  ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോൺഗ്രസ് ഇത്തവണ നേരിട്ടത്. അഞ്ച് ശതമാനം വോട്ടുകൾ മാത്രം നേടിയ  കോൺഗ്രസിന്, ഡൽഹി രാഷ്ട്രീയത്തിൽ ഇനി പ്രസക്തിയില്ല എന്ന് നേതാക്കന്മാർ പോലും പറയുന്നു. 63 സ്ഥാനാർഥികൾക്ക് കെട്ടിവച്ച തുക നഷ്ടമായി.

കലികാലത്തിന്റെ വരവ് സൂചിപ്പിക്കുന്ന ചില അടയാളങ്ങൾ പ്രത്യക്ഷപ്പെടുമെന്നാണ് ചില പൗരാണിക ഗ്രന്ഥങ്ങൾ പറയുന്നത്. അത്തരത്തിലൊരു അടയാളമാണ് ഡൽഹി തെരഞ്ഞെടുപ്പിന്റെ ചുമതല ‘ദേശ്കി നേതാ ചാക്കോജി’ യെ ഏല്പിച്ചതിലൂടെ കോൺഗ്രസ് അണികൾക്ക് നല്കിയത്. 2014 ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൻ ചാക്കോ ജിക്ക് ഒരു സീറ്റു നല്കിയപ്പോൾ രണ്ട് സീറ്റ് പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. കേരളത്തിനു വേണ്ടാത്ത ചാക്കോജിയെ സോണിയാഗാന്ധി ദത്തെടുത്ത് ഡൽഹിയുടെ മുളകു മടിശ്ശീലക്കാരനാക്കിയത് ഒരു ശുഭലക്ഷണമായിരുന്നില്ല കോൺഗ്രസിന്. ഡൽഹിയിൽ പ്രവർത്തിച്ച ഇദ്ദേഹം ഏറ്റവും കൂടുതൽ എതിർത്തത് ഇന്ദ്രപ്രസ്ഥത്തിന് ഏറെ പ്രിയങ്കരിയായിരുന്ന ഡൽഹി 15 വർഷം ഉള്ളംകൈയിൽ കൊണ്ടുനടന്ന ക്ഷീലാ ദീക്ഷിതിനെ ആയിരുന്നു. പതിറ്റാണ്ടുകൾ രാജ്യം ഭരിച്ച നെഹ്‌റു കുടുംബത്തിലെ അഞ്ചാം തലമുറയിലെ രാജകുമാരനായ പിയങ്ക ഗാന്ധിയുടെ മകൻ കന്നിയോട്ട് ചെയ്ത ഈ തെരഞ്ഞെടുപ്പിൽ, ഡൽഹിയിൽ കോൺഗ്രസ്‌ ഇല്ലാതായി  പോയത്, രാജ്യമെന്തെന്നും കോൺഗ്രസ്‌ എന്തെന്നും അറിയാത്ത നേതാക്കന്മാർ തലയിലിരുന്ന് ചെവികടിച്ചു തിന്നുന്നത് കൊണ്ടാണെന്ന് ഇനിയെങ്കിലും കോൺഗ്രസ്‌ മനസിലാക്കണം.

എന്തായാലും ഡൽഹി തെരഞ്ഞെടുപ്പു ഫലം ഒരു വസ്തുതയിലേക്കാണ് വിരൾ ചൂണ്ടുന്നത് . ജനങ്ങൾക്ക് വേണ്ടത് മുദ്രാവാക്യങ്ങളല്ല മറിച്ച് ജീവിതം സുഖകരമാക്കുന്ന വികസന പ്രവർത്തനങ്ങളാണ് .ബിജെപി കേ ജരിവാളിനെ നിശിതമായി വിമർശിച്ചപ്പോൾ അതിനൊന്നും മറുപടി പറയാൻ കേജരിവാൾ മുതിർന്നില്ല. വിമർശനങ്ങളെ മൗനം കൊണ്ട് നേരിട്ട കേജരിവാൾ തന്റെ സർക്കാർ നടപ്പിലാക്കിയ വികസനത്തിന്റെ പേരിൽ വോട്ടു ചോദിച്ചു, ജനങ്ങൾ വോട്ട് നല്കി.

‘ചൗക്കിദാർ ചേർ ഹെ’ എന്ന് രാഹുൽ വിളിച്ചപ്പോൾ പിന്നിൽ നിന്ന ചോരന്മാർ ഏറ്റുവിളിച്ചില്ല. പാർലമെന്റിൽ ഉണ്ടും ഉറങ്ങിയും അസംബന്ധങ്ങൾ പുലമ്പിയും കാലം ചെലവഴിക്കാതെ രാജ്യത്തിന്റെ ആവശ്യവും മനസും അറിഞ്ഞ് പ്രവർത്തിക്കാത്തിടത്തോളം കാലം കോൺഗ്രസിന് ഫ്രീസറിൽത്തന്നെ കഴിയേണ്ടി വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button