Editorial
ആലിബാബ പോലീസായാൽ
പ്രഗത്ഭനായ ഒരു പോലീസ് ഐ ജി യുടെ ഓർമ്മക്ക് ഒരു സ്റേറഡിയം പണിത നാടാണ് കേരളം. ശിങ്കാരവേലു അsക്കം അന്യനാട്ടിൽ നിന്ന് കേരളാ പോലീസിലെത്തിയ ആത്മാർത്ഥതയും സത്യസന്ധതയുമുള്ള പോലീസ് ഓഫീസറന്മാരെ ആദരവേടെ അംഗീകരിച്ച ഒരു ജനതയുടെ നാടാണ് കേരളം. എന്നാൽ സെൻകുമാർ എന്ന ധീരനായ പോലീസ് മേധാവി പോയപ്പോൾ കേരളത്തിനു കിട്ടിയ ഡി.ജി.പി നംബർ വൺ കള്ളനാണന്നാണ് സിഎജി പറയുന്നത്.
പോലീസുദ്യോഗസ്ഥന്മാർക്ക് ക്വോർട്ടേഴ്സ് പണിയണ്ട പണമെടുത്ത് മേധാവി സ്വന്തം താമസത്തിനൊരു കൊട്ടാരം തന്നെ പണിതു, ആഡംബര വാഹനങ്ങൾ വാരിക്കൂട്ടി, ഡി ജി പി യുടെ പാന്റിന്റ പോക്കറ്റിൽ നിന്ന് കാണാതെ പോയത് 12061 വെടിയുണ്ടകൾ ഒപ്പം 25 റൈഫിളുകളും. പോലീസ് സ്റ്റേഷൻ പെയിന്റടിക്കാൻ ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് തന്നെ വേണമെന്ന ഇദ്ദേഹത്തിന്റെ ഉത്തരവ് വിവാദമായിരുന്നു. പോലീസുകാരുടെ യൂണിഫോം ഇടപാടിൽപ്പോലും അഴിമതി മണത്തിരുന്നു.
ചരിത്രത്തിലാദ്യമാണ് സിഎജി പേരെടുത്തു പറഞ്ഞ് അഴിമതികൾ ഒന്നിനു പിറകെ മറ്റൊന്നായി എണ്ണിപ്പറഞ്ഞത്. എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി സ്വീകരിച്ചത് തണുപ്പൻ നിലപാടാണ്. കേരളത്തെ
ഞെട്ടിക്കാൻ കഴിയുന്ന അഴിമതിയുടെ ഒരു തുമ്പു മാത്രമാണ് ഇപ്പോൾ ദൃശ്യമായത്. നിഷ്പക്ഷമായും സത്യസന്ധമായും ഒരന്വേഷണം നടന്നാൽ കോടികളുടെ അഴിമതി പുറത്തു വരുമെന്ന കാര്യത്തിൽ സംശയമില്ല. അതിനു സാധ്യതയുണ്ടോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്.
നിയമസഭയിൽ ഈ വിഷയം ദിവസങ്ങൾക്ക് മുമ്പ് പി ടി തോമസ് അവതരിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ ബാധിച്ച തണുപ്പ് പ്രതിപക്ഷ നേതാവിനേയും ബാധിച്ചത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പേരിന് ഒരു സിബിഐ അന്വേഷണം എല്ലായിപ്പോഴും പോലെ ഇപ്പോഴും ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ഒരു മരവിപ്പിന്റെ കാരണം പ്രതിപക്ഷം തന്നെ കണ്ടെത്തണം.
നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ എന്ത് നിലപാട് സ്വീകരിച്ചു. ഈ വിഷയം വാനക്കാരന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ മാതൃഭൂമി എഡിറ്റോറിയലെഴുതിയപ്പോൾ മനോരമയുടെ എഡിറ്റോറിയൽ ‘ഗ്യാസാ’യിരുന്നു. ഡൽഹി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ എഡിറ്റോറിയലെഴുതാൻ സമയം കണ്ടെത്തിയ പത്ര മുത്തശ്ശി കേരളത്തെ ഞെട്ടിക്കുന്ന ഒരു അഴി മതിയുടെ കാര്യത്തിൽ നിസ്സംഗത പാലിക്കുകയാണോ? കാത്തിരുന്നു കാണാം.
പോലീസ് ആസ്ഥാനത്തിന്റെ പടി ഇറങ്ങും മുമ്പ് TP സെൻ കുമാർ പറഞ്ഞു ” സെൻകുമാറിന് ബഹ്റയോ ബഹ്റക്ക് സെൻ കുമാറോ ആകാൻ കഴിയില്ല ” എത്ര ദീർഘ വീക്ഷണത്തോടെയുള്ള കമന്റ്.
എ ബിഗ് സല്യൂട്ട് ടു സെൻകുമാർ.