ഇന്ന് പുൽവാമ ദിനം;40 ധീര ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞിട്ട് ഇന്ന് ഒരു വർഷം
ഡൽഹി : ഇന്ന് പുൽവാമ ദിനം. പുല്‍വാമയില്‍ 40 ധീര ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞിട്ട് ഇന്ന് ഒരു വർഷം. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നത്. കശ്‌മീരിലെ പുൽവാമ ജില്ലയിലെ ലാത്പോരയിൽ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു.പുൽവാമയിൽ ജീവത്യാഗം ചെയ്ത സൈനികരുടെ സ്മാരകത്തിന്‍റെ ഉത്ഘാടനം ഇന്ന് ലത്പോരയിലെ സിആർപിഎഫ് ക്യാംപിൽ നടക്കും. മലയാളിയായ വയനാട് ലക്കിടി സ്വദേശി വി വി വസന്ത കുമാർ ഉൾപ്പെടെ 40 ജവാന്മാരാണ് ഭീകരാക്രമണത്തിൽ നമുക്കായി ജീവന്‍ സമര്‍പ്പിച്ചത്. 78 വാഹനങ്ങളിലായി അവധി കഴിഞ്ഞു മടങ്ങുന്ന 2547 ജവാന്മാര്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്നേകാലോടെ ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ ലാത്പോരയിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചാവേർ ഓടിച്ച് വന്ന 100 കിലോഗ്രാം സ്ഫോടക വസ്തുക്കൾ നിറച്ച കാറ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 76-ാം ബറ്റാലിയന്‍റെ ബസിലുണ്ടായിരുന്ന 40 ജവാന്മാർ വീരമൃത്യു വരിച്ചു.