തോക്കുകൾ നഷ്ടമായിട്ടില്ല;എസ്എപി ക്യാംപിൽ സൂക്ഷിച്ചിട്ടുണ്ട്:പോലീസ്
തിരുവനന്തപുരം : തോക്കുകൾ നഷ്ടമായിട്ടില്ലന്ന് പൊലീസ്. സിഎജിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ തോക്കുകൾ എസ്എപി ക്യാംപിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. 25 ഇൻസാസ് റൈഫിളുകൾ നഷ്ടപ്പെട്ടെന്ന സിഎജിയുടെ കണ്ടെത്തൽ പൂർണമായും തള്ളുകയാണ് പൊലീസ്. സിഎജി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിലൂടെയാണ് വിവിധ ബറ്റാലിയനുകളിൽ ഉണ്ടായിരുന്ന തോക്കുകൾ കണ്ടെടുത്തത്. ഇവ സൂക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
തോക്കുകളുടെ എണ്ണം നേരിട്ട് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനായി 666 ഇൻസാസ് റൈഫിളുകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി നിർദ്ദേശം നൽകി. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഡിജിപി ലോക് നാഥ് ബെഹ്റയുടെ പേരെടുത്തു പറഞ്ഞുകൊണ്ട് പോലീസ് ഡിപ്പാർട്ട്മെന്റിലെ വ്യാപക ക്രമക്കേടുകളാണ് സി എ ജി പുറത്ത് കൊണ്ടുവന്നിരുന്നത്. പൊലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുള്ള തുകയില്‍ നിന്ന് 2.81 കോടി വകമാറ്റി ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിച്ചുവെന്നും, ഉപകരണങ്ങള്‍ വങ്ങുന്നതില്‍ സ്റ്റോര്‍ പര്‍ച്ചൈസ് മാനുവല്‍ ലംഘിച്ചുവെന്നും, പൊലീസിന് കാര്‍ വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്നുമായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ ആംമ്ഡ് ബറ്റാലിയനില്‍ ആയുധങ്ങളുടെയും വെടിയുണ്ടകളുടെയും മറ്റും എണ്ണത്തില്‍ കുറവ് കണ്ടെത്തിയതായും നിയമസഭയുടെ മേശപ്പുറത്തു വെച്ച റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു.