Editorial

പുൽവാമ മറന്ന മലയാള പത്രങ്ങൾ

2019 ഫെബ്രുവരി 14 ഇന്ത്യകാരനായ ഒരു പൗരനും മറക്കാൻ കഴിയാത്ത ദിവസമാണ്. പിറന്ന നാടും വീടും വിട്ട് ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് മാതൃ രാജ്യത്തിന്റെ സുരക്ഷക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് നമ്മുടെ ധീര ജവാൻമാർ. അവരിൽ 40 പേരാണ് 2019 ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചുവീണത്. രാജ്യസ്നേഹം ഉള്ള ഓരോ പൗരന്റെയും നെഞ്ചു തകർന്ന ദിവസമായിരുന്നു അന്ന്.
രാജ്യത്തിന് വേണ്ടി ജീവൻ കളഞ്ഞ വയനാട് സ്വദേശി വി.വി.വസന്ത കുമാർ ഉൾപ്പെടെയുള്ള 40 ധീര ജവാന്മാരുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ പുതുക്കലാണ് ഫെബ്രുവരി 14 എന്ന ദിനം. എന്നാൽ ഈ ദിനം മറന്നുപോയ ഒരു കൂട്ടം പ്രബുദ്ധ മാധ്യമങ്ങൾ ഉള്ള നാടാണ് സമ്പൂർണ്ണ സാക്ഷരത നേടിയ പ്രബുദ്ധ കേരളം. അക്ഷര തറവാട്ടിലെ മുത്തശ്ശിമാർ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ ഒന്നും തന്നെ പുൽവാമ ഭീകരാക്രമണത്തെ കുറിച്ചോ, രക്തസാക്ഷികളായ 40 ജവാന്മാരെ കുറിച്ചോ അവരുടെ അനാഥമായ കുടുംബങ്ങളെ കുറിച്ചോ ഓർത്തില്ല എന്നത് സങ്കടകരവും ഒപ്പം അപമാനകരവുമാണ്.

അമേരിക്കൻ പ്രസിഡന്റ് വീട്ടിലെ പട്ടി പ്രസവിച്ചാൽ പോലും എഡിറ്റോറിയൽ എഴുതുന്നവരാണ് നമ്മുടെ പ്രമുഖ മാധ്യമങ്ങൾ. ഒന്നാം പേജിൽ ഒരു കോളം വാർത്തയായിട്ടെങ്കിലും പുൽവാമയിൽ പൊലിഞ്ഞ ധീര ജവാന്മാരെ ഒന്ന് ഓർത്തിരുന്നെങ്കിൽ, 365 ദിവസം പത്രവും വർഷത്തിലൊരിക്കൽ ഇറങ്ങുന്ന കലണ്ടറും ഉൾപ്പെടെ കാശുകൊടുത്തു വാങ്ങി തൂക്കുന്ന ജനങ്ങളോടും ഈ രാജ്യത്തോടും അവർ നീതി പുലർത്തി എന്ന് പറയാൻ കഴിയുമായിരുന്നു.പത്ര മുത്തശ്ശിയായ മനോരമയുടെ ഒന്നാം പേജിൽ, മന്ത്രി വി.എസ്. സുനിൽകുമാറിനെ ഇക്കിളികൂട്ടുന്ന ഓന്തിനു കൊടുത്ത പ്രാധാന്യം പോലും പുൽവാമയിൽ മരിച്ചു വീണ ജവാന്മാർക്ക് കൊടുത്തിട്ടില്ല. ബ്രിട്ടന്റെ ട്രഷറി ഭരിക്കാൻ പോകുന്ന നാരായണ മൂർത്തിയുടെ മരുമകന്റെ ഫോട്ടോ ഫ്രണ്ട് പേജിൽ കൊടുത്താൽ കിട്ടുന്ന ഗുണം പുൽവാമയിൽ മരിച്ചുവീണ സൈനികരെ അനുസ്മരിച്ചാൽ കിട്ടില്ലെന്ന്‌ മനോരമയ്ക്കറിയാം.നിയുക്ത ഹൈക്കോടതി ജഡ്ജി സിനിമാ താരമായ പിതാവിനെ തന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കൊണ്ടുപോകുന്ന വികാര നിർഭരമായ രംഗം ക്യാമറയിൽ പകർത്തി വായനക്കാരെ കാണിക്കാൻ കാണിച്ച മാതൃഭൂമിയുടെ കർമ്മകുശലത വായനക്കാർക്ക് മനസിലാകും. പകുതി പരസ്യം കൊണ്ട് നിറഞ്ഞ ഒന്നാം പേജിന്റെ മറുപാതിയിൽ വാർത്തകൾ കൊടുത്തത് തന്നെ വലിയകാര്യം, അതിനിടയ്ക്ക് ഏത് പുൽവാമ ഏത് ജവാന്മാർ. ഒരു കോളം വാർത്തയെങ്കിലും പുൽവാമയിൽ മരിച്ചുവീണ ജവാന്മാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി നൽകിക്കൂടായിരുന്നോ മാതൃഭൂമി.

കേരള കൗമുദിയുടെ ഒന്നാം പേജിന്റെ പകുതി പ്രണയ സങ്കല്പങ്ങൾക്കായി മാറ്റിവയ്ച്ചെങ്കിലും, ഒന്നാം പേജിൽ പുൽവാമയുടെ കണ്ണീരിനെ ഓർമിച്ച കേരളകൗമുദിക്ക് ഒരു സല്യൂട്ട്. മറ്റുള്ള പത്രങ്ങളുടെ കാര്യം പറയാനേ ഇല്ല എന്നാലും, രാജ്യ സ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് അവകാശപ്പെടുന്ന ജന്മഭൂമി പുൽവാമയെ അനുസ്മരിക്കാത്തതിൽ അത്ഭുതം വേണ്ട,അറിയാവുന്ന കാര്യങ്ങളല്ലേ എഴുതാൻ കഴിയൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button