News
ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഏഴു മണിക്കൂർ പൂട്ടിയിട്ടു
നാദാപുരം : ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഏഴു മണിക്കൂർ പൂട്ടിയിട്ടു. റുബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിൽ ബുധനാഴ്ചയാണ് സംഭവം. സംഭവത്തിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായ അബ്ദുസമദ്, കുഞ്ഞബ്ദുള്ള എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ സൂപ്പർമാർക്കറ്റിൽ എത്തിയ ഇവരെ മുളക്പൊടി മോഷ്ടിച്ചെന്നാരോപിച്ച് ഏഴുമണിക്കൂറോളമാണ് തടഞ്ഞ് വെച്ചത്. സൂപ്പര്‍മാര്‍ക്കറ്റിലെ പുറകിലെ മുറിയിലായിരുന്നു ഇവരെ പൂട്ടിയിട്ട് ഭീക്ഷണിപ്പെടുത്തിയത്. ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നായിരുന്നു ആരോപണം.
ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ആളില്ലാത്ത സ്റ്റോർ മുറിയിൽ കൊണ്ടുപോയി ഇരുത്തിയ വീട്ടമ്മയോട് ഇവർ വെള്ളപ്പേപ്പറിൽ ഇതിന് മുമ്പും മോഷണം നടത്തിയെന്ന് എഴുതി ഒപ്പിട്ട് തരാൻ പറഞ്ഞു. കൂടാതെ വീട്ടമ്മയുടെ ഫോട്ടോ എടുക്കുകയും ഒച്ചവച്ച് ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ പറയുന്നു.