Top Stories
ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു;ബസ് പൂർണമായും കത്തി നശിച്ചു
സീതത്തോട് : ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തി നശിച്ചു. നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് നിറയെ തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസാണ് വനത്തിനുള്ളിൽവെച്ച് പൂർണമായും കത്തിനശിച്ചത്. രക്ഷപ്പെടുന്നതിനിടയിൽ കർണാടക സ്വദേശികളായ മൂന്ന് തീർഥാടകർക്ക് പരിക്കേറ്റു. എഴുപതോളം യാത്രക്കാരെ ഇതുവഴി വന്ന പോലീസുകാർ ഇടപെട്ട് വേഗത്തിൽ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ കീർത്തൻ, ചേരൻ എന്നിവരെ പമ്പ ഗവ. ആശുപത്രിയിലും പ്രമോദ് എന്നയാളെ പത്തനംതിട്ട ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 6.50-ഓടെ ചാലക്കയത്തിന് സമീപം ഒറ്റക്കല്ല് ഭാഗത്താണ് കെഎസ്ആർടിസി യുടെ ലോഫ്ളോർ ബസിന് തീ പിടിച്ചത്. ബസിന്റെ ടയർ കത്തിയതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പമ്പ പോലീസ് പറഞ്ഞു. പുക കണ്ടപ്പോൾ ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും പരിശോധിക്കുമ്പോഴേക്കും ടയറിൽനിന്ന് ഡീസൽടാങ്കിലേക്ക് തീപടർന്നു. ഈ സമയം പത്തനംതിട്ടയിൽനിന്ന് പമ്പയിലേക്ക് പോയ പോലീസ് ജീപ്പ് നിർത്തി വേഗം പുറത്തിറങ്ങാൻ തീർഥാടകരോട് നിർദേശിച്ചു. രണ്ടുവാതിലുകളിലൂടെയും വശങ്ങളിലൂടെയും ഇവർ രക്ഷപ്പെടുകയായിരുന്നു.
മൊബൈൽ റെയ്ഞ്ച് ഇല്ലാത്ത സ്ഥലമായതിനാൽ അപകടവിവരം പുറത്ത് അറിയിക്കാൻ കഴിഞ്ഞില്ല. വയർലെസ് സന്ദേശവും നൽകാൻ കഴിയാതെവന്നതോടെ പോലീസ് ജീപ്പ് പമ്പയിലേക്ക് പോയി അഗ്നിരക്ഷാസേനയെ സംഭവസ്ഥലത്ത് എത്തിച്ചു. തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും സേനയുടെ വാഹനത്തിലെ വെള്ളം തീർന്നു. ഇതിനിടെ പോലീസ് അറിയിച്ചതനുസരിച്ച് നിലയ്ക്കലിൽനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും അതിനുമുമ്പ് ബസ് പൂർണമായും കത്തിയമർന്നു.
65 തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. നിലയ്ക്കലിൽനിന്ന് ബസ് വിട്ടപ്പോൾതന്നെ ടയർ കരിയുന്നതിന്റെ ഗന്ധമുണ്ടായിരുന്നതായി ഇവർ പറഞ്ഞു. ബസിൽ നിന്നും വനത്തിലേക്കും തീ പടർന്നെങ്കിലും അഗ്നിശമന സേന തീ അണച്ചു. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഉണ്ടാകാഞ്ഞത്.