News

പി.എസ്.സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാർക്കെതിരേ കൂടി കേസെടുത്തു.

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാർക്കെതിരേ കൂടി കേസെടുത്തു. എസ്.എ.പി. ക്യാമ്പിലെ രതീഷ്, എബിൻ പ്രസാദ്, ലാലു രാജ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

കോപ്പിയടിക്കാൻ സഹായിച്ചതിന് അറസ്റ്റിലായ പോലീസുകാരൻ ഗോകുലിനെ രക്ഷിക്കാൻ വ്യാജരേഖ ചമച്ചതിനാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. പരീക്ഷാസമയം ഗോകുൽ ഓഫിസിലുണ്ടായിരുന്നതായി തെളിയിക്കാനാണ് ഇവർ കൃത്രിമമായി രേഖയുണ്ടാക്കിയത്. പരീക്ഷാത്തട്ടിപ്പ് കേസിൽ നേരത്തെ പ്രതിയായ ഗോകുലിനെയും പുതിയ കേസിൽ പ്രതിചേർത്തിട്ടുണ്ട്. പരീക്ഷാത്തട്ടിപ്പിന് സഹായിച്ച കൂടുതൽപേരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പി.എസ്.സി പരീക്ഷയിൽ കോപ്പിയടിച്ച് റാങ്ക് പട്ടികയിൽ ഇടം നേടിയിരുന്നത്. ഇതിൽ ശിവരഞ്ജിത്തിനായിരുന്നു കെ.എ.പി.4 കാസർകോട് ബറ്റാലിയൻ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ ഇവർ പ്രതികളായതോടെ പി.എസ്.സി. പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ച് സംശയമുണരുകയും കോപ്പിയടി നടന്നതായി കണ്ടെത്തുകയുമായിരുന്നു. കോപ്പിയടിക്കാൻ സഹായിച്ചതിനാണ് പോലീസുകാരനായ ഗോകുലിനെയും സഫീറിനെയും പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button