Top Stories
ഡൽഹിയിൽ അരവിന്ദ് കേജ്രിവാൾ ഇന്ന് അധികാരമേൽക്കും
ഡൽഹി : അരവിന്ദ് കെജ്‍രിവാളിന്‍റെ നേതൃത്വത്തിൽ ആംആദ്‌മി പാർട്ടി സർക്കാർ ഡൽഹിയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങിൽ ഡൽഹിയിലെ വിവിധ മേഖലയിലെ സാധാരണക്കാരായ 50 പ്രതിനിധികൾ ആണ് മുഖ്യാതിഥികൾ. കെജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
കെജ്‍രിവാളിനെക്കൂടാതെ മനീഷ് സിസോദിയ, സത്യേന്ദിര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്, ഇമ്രാന്‍ ഹുസൈൻ, രാജേന്ദ്ര ഗൗഗം എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ കെജ്‍രിവാള്‍ നിയുക്ത മന്ത്രിമാര്‍ക്ക് അത്താഴ വിരുന്ന് നല്‍കിയിരുന്നു.
രാംലീല മൈതാനിയിൽ രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ
ദില്ലിക്ക് പുറത്തുള്ള നേതാക്കളെയോ ക്ഷണിച്ചിട്ടില്ല. ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കൾ മാത്രമേ ചടങ്ങിനെത്തിയേക്കുകയുള്ളൂ.
അധ്യാപകര്‍, വിദ്യാര്‍ഥികള്‍, നിര്‍മാണ തൊഴിലാളികള്‍,ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, മെട്രോ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ ഡൽഹിയിലെ സാധാരണക്കാരായ മനുഷ്യരുടെ 50 പ്രതിനിധികളും സത്യപ്രതിഞ്ജാ ചടങ്ങിൽ അതിഥികളായുണ്ടാകും. കേജരിവാളിന്റെയും ആം ആദ്മി പ്രവർത്തകരുടെയും മനം കവർന്ന കുഞ്ഞു കെജ്‌രിവാൾ ആയ്‌വാൻ തോമറും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കപ്പെട്ട അതിഥിയാണ്.
ശക്തമായ സുരക്ഷയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരുക്കിയിരിക്കുന്നത്. ഡൽഹി പോലീസിലേയും സി ആർ പി എഫിലെയും ഉൾപ്പെടെ 3000 സുരക്ഷാ ഉദ്യോഗസ്ഥർ ചടങ്ങിന് സുരക്ഷയൊരുക്കും. ഡ്രോണുകളും ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണവും സുരക്ഷയുടെ ഭാഗമായുണ്ട്.