കണ്ണൂരിൽ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി
കണ്ണൂർ: കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കടപ്പുറത്ത് കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കൽഭിത്തികൾക്കിടിയിൽ കുരുങ്ങിയനിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇന്നലെ രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന് കാട്ടി പ്രണവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശരണ്യയുടെ ബന്ധുക്കൾ ആരോപിച്ചു. മൂന്ന് മണിക്ക് കുട്ടിക്ക് പാല് കൊടുത്ത് ഉറക്കിയതാണെന്നും ആറര മണിയോടെ കുട്ടിയെ കാണാതായെന്നുമാണ് പറയുന്നത്. അടച്ചിട്ട വീട്ടിൽ നിന്നും കുട്ടിയെ പുറത്തുന്ന് ആരെങ്കിലും കൊണ്ടുപോകാൻ സാധ്യതയില്ലെന്നും ബന്ധുക്കൾ പറയുന്നു. പ്രണവ്-ശരണ്യ ദമ്പതിമാർക്കിടയിൽ ഏറെനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാൽ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.