Top Stories
വനിതാ ഉദ്യോഗസ്ഥരെ സൈന്യത്തിൽ സുപ്രധാന പദവികളിൽ നിയമിക്കണം:സുപ്രീം കോടതി
ന്യൂഡൽഹി: വനിതാ ഉദ്യോഗസ്ഥരെ സൈന്യത്തിൽ സുപ്രധാന പദവികളിൽ നിയമിക്കണമെന്ന് സുപ്രീം കോടതി. നാവികസേനയിലെ ഷോർട്ട് സർവീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥർക്കും സ്ഥിരം കമ്മീഷൻ പദവികൾ നൽകാൻ 2010-ൽ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പ്രതിരോധമന്ത്രാലയം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി.
ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമർശിച്ചു. നിലപാട് വിവേചനപരമാണെന്ന് വിമർശിച്ച കോടതി സേനാവിഭാഗങ്ങളിൽ ലിംഗവിവേചനത്തിന് അവസാനമുണ്ടാകണമെന്നും നിർദ്ദേശിച്ചു. കായികക്ഷമത, മാതൃത്വം, കുടുംബം എന്നിവ ഉയർത്തി കേന്ദ്രം ഉന്നയിക്കുന്ന വാദം കരസേനക്ക് തന്നെ അപമാനമാണെന്ന് കോടതി വിമർശിച്ചു.സൈന്യത്തിലെ സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അവരെയും സൈന്യത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.സർക്കാരിന്റെ
മനഃസ്ഥിതിയിൽ മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സൈന്യത്തിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും അവരുടെ സർവീസ് കാലയളവ് പരിഗണിക്കാതെ സ്ഥിരം കമ്മീഷൻ പദവി നൽകണമെന്നാണ് കോടതി നിർദേശം. യുദ്ധമേഖലയിലല്ലാതെ എല്ലാ തന്ത്രപ്രധാന മേഖലകളിലും വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വിധി മൂന്നുമാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.