9 വർഷത്തിനിടയിൽ ഒരു വീട്ടിലെ 6 കുട്ടികളുടെ മരണം;മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാൻ പോലീസ്
മലപ്പുറം : തിരൂരിൽ ഒമ്പത് വർഷത്തിനിടെ ഒരു വീട്ടിലെ ആറുകുട്ടികൾ മരിച്ചു. തറമ്മൽ റഫീഖ് -സബ്ന ദമ്പതിമാരുടെ മക്കളാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞ് മരിച്ചതോടെ സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരമറിയിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച രാവിലെയാണ് ആറാമത്തെ കുഞ്ഞ് മരിച്ചത്. മരണശേഷം രാവിലെ പത്തുമണിയോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ വീട്ടുകാർ സംസ്കരിക്കുകയും ചെയ്തു. ധൃതിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ച നടപടിയിൽ സംശയം തോന്നിയ അയൽവാസിയുടെ പരാതിയിൽ കേസെടുത്ത പോലീസ് രക്ഷിതാക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണ്.
കുട്ടികളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്ന് തന്നെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായുള്ള നടപടിക്രമങ്ങൾ മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
2010-ൽ ആയിരുന്നു റഫീക്കിന്റെയും സബ്നയുടെയും വിവാഹം. 2011 മുതൽ 2020 വരെ ഇവർക്ക് ആറുകുട്ടികൾ ജനിച്ചു. 3 പെൺകുട്ടികളും 3 ആൺകുട്ടികളുമായിരുന്നു. ഇവരിൽ അഞ്ചുകുട്ടികളും മരിച്ചത് ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴായിരുന്നു. നാലര വയസ്സിലാണ് ഒരു പെൺകുട്ടി മരിച്ചത്.അപസ്മാരമാണ് കുട്ടികൾ മരിച്ചതിന് കാരണമെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. ഇതുവരെ വീട്ടുകാർക്ക് കുട്ടികളുടെ മരണം സംബന്ധിച്ച് സംശയം തോന്നിയിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച കുട്ടി മരിച്ചതിന് തൊട്ടുപിന്നാലെ വളരെ വേഗത്തിൽ മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ചതോടെ അയൽവീട്ടുകാർക്ക് സംശയം തോന്നുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
എന്നാൽ ആറാമത്തെ കുഞ്ഞിന്റെ മരണത്തിലും അസ്വാഭാവികതയൊന്നുമില്ലെന്ന് ബന്ധുക്കൾ പ്രതികരിച്ചു. രാത്രി നിർത്താതെ കരയുകയും അസ്വസ്ഥകൾ പ്രകടിപ്പിക്കുകയും ചെയ്ത കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.