News
കലാകൗമുദി ചീഫ് എഡിറ്റർ എംഎസ് മണി അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എംഎസ് മണി(79) അന്തരിച്ചു. കലാകൗമുദി പത്രത്തിന്‍റെ ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്ക്കാരം വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കേരള കൗമുദി ദിനപത്രത്തിന്‍റെ പത്രാധിപരായിരുന്ന കെ സുകുമാരന്‍റെ മകനാണ് എംഎസ് മണി. കേരളാകൗമുദിയില്‍ റിപ്പോര്‍ട്ടറായാണ് അദ്ദേഹം മാധ്യമ പ്രവർത്തനം തുടങ്ങിയത്. പിന്നീട് കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയിൽനിന്ന് കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു.1962 ല്‍ പാര്‍ലമെന്‍റ് ലേഖകനായി ദില്ലിയിലെത്തി. 1962 ലെ കോണ്‍ഗ്രസിന്‍റെ പാറ്റ്നാ പ്ലീനം, ഇന്ദിരാഗാന്ധി നേതൃത്വം നല്‍കിയ ബംഗ്ലൂരു എഐസിസി സമ്മേളനം അടക്കം ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അദ്ദേഹമായിരുന്നു.
മാധ്യമരംഗത്തെ മികവിന് 2018ലെ സ്വദേശാഭിമാനി- കേസരി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് അംഗവും ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അംബേദ്കർ, കേസരി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളായി അദ്ദേഹം വീട്ടിൽത്തന്നെ ചികിത്സയിലായിരുന്നു. ഭാര്യ: ഡോ.കസ്തൂരിബായി, മക്കൾ: വത്സാ മണി, സുകുമാരൻ മണി. കേരളകൗമുദി മുൻ റെസിഡന്റ് എഡിറ്റർ എസ്. ഭാസുര ചന്ദ്രൻ മരുമകനാണ്. പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി എന്നിവർ സഹോദരങ്ങളാണ്. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സഹോദരപുത്രനാണ്.